‘പേരില്‍ മോദിയുള്ളവരെല്ലാം കള്ളന്മാര്‍’; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി ബിഹാറിലെ പാറ്റ്ന കോടതിയിലുള്ള അപകീര്‍ത്തി കേസില്‍ ജാമ്യം. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ‘എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട്’ എന്ന പരാമര്‍ശത്തിനെതിരെയാണ് സുശീല്‍കുമാര്‍ മോദി കേസ് കൊടുത്തത്. മോദി എന്നു പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് കര്‍ണാടകയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. റഫേല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയുടെ പങ്കിന്റെ കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു രാഹുല്‍. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ഏപ്രില്‍ 18ന് നല്‍കിയ അപകീര്‍ത്തി കേസിലാണ് പാറ്റ്ന കോടതിയുടെ നടപടി.

https://twitter.com/RahulGandhi/status/1147373578267975680

കേസ് പരിഗണിച്ച പട്‌ന ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കോടതിയില്‍ നേരിട്ടെത്തിയ രാഹുല്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ തുറന്നടിച്ചു. ഭരണഘടന സംരക്ഷിക്കാനാണ് എന്റെ പോരാട്ടമെന്ന് പറഞ്ഞ രാഹുല്‍, തനിക്കെതിരെ ആര്‍.എസ്.എസും ബി.ജെ.പിയും മനപൂര്‍വം കെട്ടിച്ചമക്കുന്ന കേസുകളാണ് ഇതെല്ലാമെന്ന് പ്രതികരിച്ചു. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം നില്‍ക്കുകയെന്നതാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിന്റേയും നരേന്ദ്ര മോദിയുടേയും ആശയത്തിന് എതിരെ നില്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുന്നതായും അവര്‍ക്കെതിരെ കേസുകള്‍ ചുമത്തപ്പെടുന്നതായും രാഹുല്‍ സൂചിപ്പിച്ചു. പക്ഷേ എന്റെ പോരാട്ടം തുടരും, കോടതി പരിസരത്ത് നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

10,000 രൂപയില്‍ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ഗാന്ധിക്ക് ജാമ്യം ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ ആദ്യ പട്‌ന സന്ദര്‍ശനമാണിത്. എ.ഐ.സി.സി ചുമതലയുള്ളരുള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയത്.