ചെന്നൈയില്‍ നിന്നെത്തിയ രോഗി താമസസൗകര്യത്തിനായി അലഞ്ഞു; രാത്രി കഴിഞ്ഞത് ഷോപ്പിന്റെ വരാന്തയില്‍

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കേരളത്തിലെത്തിയ ദിവസം കിടന്നത് കടത്തിണ്ണയില്‍. ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പിലാണ് വിവരമുള്ളത്. ചെന്നൈയില്‍ നിന്ന് മെയ് 10ന് കോഴിക്കോട് എത്തിയ ഇദ്ദേഹം രണ്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ പോയെങ്കിലും താമസസൗകര്യം ലഭിച്ചില്ല. തുടര്‍ന്ന് താമസസൗകര്യത്തിനായി രോഗി അലഞ്ഞതായാണ് ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പില്‍ വ്യക്തമാവുന്നത്. ഈ വ്യക്തിയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായതായി പരാതി ഉയരുന്നുണ്ട്. അദ്ദേഹത്തെ ക്വാറന്റയിനില്‍ ആക്കേണ്ട ചുമതലക്കു പകരം അദ്ദേഹത്തെ ഇറക്കി വിട്ടത് വലിയ സമ്പര്‍ക്കമുണ്ടാക്കിയെന്നും കലക്ടറുടെ പോസ്റ്റ് കീഴില്‍ തന്നെ പരാതിയായി ആളുകള്‍ കമ്മന്റുചെയ്യുന്നുണ്ട്.

അതേസമയം, സഞ്ചാരപാതയിലുണ്ടായിരുന്നവരെ ക്വാറന്റീനിലാക്കുമെന്ന് കലക്ടറുടെ പോസ്റ്റില്‍ വ്യക്തമാക്കി. കോഴിക്കോട് കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം…

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മുപ്പത്തിയൊന്നാമത്തെ വ്യക്തി ഈ മാസം 10-ാം തീയതി തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് എത്തിയതാണ്. ഈ വ്യക്തി മെയ് 9 ന് രാത്രി 9 മണിയോടെ ചെന്നൈയില്‍ നിന്ന് 9 പേരോടൊപ്പം ടാക്‌സി വാഹനത്തില്‍ പുറപ്പെട്ട് മെയ് 10ന് രാവിലെ 6 മണിയോടെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി അദ്ദേഹം ഉള്‍പ്പെടെ യാത്ര ചെയ്ത മൂന്നുപേര്‍ക്ക് യാത്ര പാസില്ലാത്തതിനാല്‍ വൈകുന്നേരം 6 വരെ അവിടെ നില്‍ക്കേണ്ടിവന്നു തുടര്‍ന്ന് വൈകുന്നേരം മറ്റു രണ്ടു പേരോടൊപ്പം ബുക്ക് ചെയ്ത് ലഭിച്ച വാഹനത്തല്‍ പുറപ്പെട്ട് മെയ് 10ന് രാത്രി 11.55 മണിയോടെ വടകരയില്‍ എത്തി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു ഒരാള്‍ അതെ വാഹനത്തില്‍ ഹോംകോറന്റെയിനില്‍ കഴിയാനായി ചെമ്മരത്തൂരിലെ വസതിയിലേക്ക് പോയി, ഇദ്ദേഹവും മറ്റൊരു വ്യക്തിയും വടകരയിലെ ആലക്കല്‍ റെസിഡന്‍സി (കോവിഡ് കെയര്‍ സെന്റര്‍) പോകുകയും ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്ത് കൂടെ വന്നയാള്‍ക്ക് താമസസൗകര്യം ലഭിച്ചു, എന്നാല്‍ ഈ വ്യക്തിക്ക് താമസസൗകര്യം ലഭ്യമല്ലാത്തതിരുന്നതിനാല്‍

രാത്രി മുഴുവന്‍ ഇദ്ദേഹം റസിഡന്‍സിക്കടുത്തുള്ള ഒരു ഷോപ്പിന്റെ വരാന്തയില്‍ കഴിയുകയും രാവിലെ അദ്ദേഹത്തിന് ഫോണില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ സൗകര്യം ലഭ്യമായ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകാനായി വടകര പഴയ സ്റ്റാന്‍ഡില്‍ എത്തി, അവിടെ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള മെഡിക്കല്‍ ഷോപ്പില്‍ അന്വേഷിച്ചത് പ്രകാരം ആയുര്‍വേദ ആശുപത്രി

വടകര പാലോളിപ്പാലത്താണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പഴയ സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഓട്ടോയില്‍ അദ്ദേഹം ഏകദേശം രാവിലെ എട്ടു മണിയോടെ ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു എങ്കിലും അവിടെ സൗകര്യമില്ല എന്ന് മനസ്സിലാക്കി. അടുത്തുതന്നെയുള്ള കടയില്‍ നിന്ന് ചായ കുടിച്ചു … ഈ വ്യക്തിയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇദ്ദേഹത്തെ ആംബുലന്‍സില്‍ നരിപ്പറ്റയില്‍ കോറന്റെയിന്‍ സൗകര്യമൊരുക്കിയ വീട്ടിലേക്ക് അയക്കുകയുണ്ടായി. വീട്ടില്‍ ഈ ദിവസങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.13-ാം തീയതി രാത്രി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 14 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

ഈ വ്യക്തിയുമായി മുകളില്‍ പറഞ്ഞ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെയൊക്കെ ക്വാന്റയിനിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം ഉള്ള ആളുകള്‍ (ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടില്ലയെങ്കില്‍) ഉടന്‍തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

ചെന്നൈയില്‍ നിന്നെത്തിയ രോഗി താമസസൗകര്യത്തിനായി അലഞ്ഞു; രാത്രി കഴിഞ്ഞത് ഷോപ്പിന്റെ വരാന്തയില്‍

അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്നലെ (17.05.2020)ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 33 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവില്‍ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്.

കോവിഡ് 19 സ്ഥിതീകരിച്ച മുപ്പത്തി രണ്ടാമത്തെ വ്യക്തി മെയ് 13നുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 394) കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി പത്ത് മണിയോടെ എത്തി, എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാത്രി 2 മണിയോടെ ഓമശ്ശേരിയിയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.15-ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഉച്ചക്ക് 2 മണിയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

കോവിഡ് 19 സ്ഥിതീകരിച്ച മുപ്പത്തിമൂന്നാമത്തെ വ്യക്തി മെയ് 7നുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 344) ദുബൈയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി പതിനൊന്നു മണിയോടെ എത്തി, എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാത്രി 2 മണിയോടെ മുക്കം കട്ടാങ്ങലുള്ള എന്‍ ഐ റ്റി (K)യില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.16-ാം തീയതി രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2797 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് പുതുതായി 59 പ്രവാസികള്‍ നിരീക്ഷണത്തില്‍ എത്തി. ഇതുവരെ 444 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 183 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 249 പേര്‍ വീടുകളിലും ആണ്. 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 63 പേര്‍ ഗര്‍ഭിണികളാണ്.

ഇന്ന് പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ 5654 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 23,430 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 16 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 14 പേര്‍ ആശുപത്രി വിട്ടു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നുമായി നിരവധി കോഴിക്കോട് സ്വദേശികള്‍ ദിവസേന ജില്ലയിലെ എത്തുന്നുണ്ട്, ഇവര്‍ ആരോഗ്യം പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുള്ള
റൂം ക്വാറന്റൈയിന്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ഒരു കാരണവശാലും പൊതുഇടങ്ങളില്‍ എത്താന്‍ പാടുള്ളതല്ല. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളില്‍ ആരും പെരുമാറാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ഒരു തരത്തിലും സമ്പര്‍ക്കം പാടില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.വരുന്നവര്‍ മാത്രമല്ല, വീട്ടിലുള്ളവരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും കലക്ടര്‍ അറിയിച്ചു.