പതഞ്ജലിയുടെ കോവിഡ് മരുന്ന് മഹാരാഷ്ട്രയില്‍ വേണ്ട; തീരുമാനവുമായി സര്‍ക്കാര്‍


മുംബൈ: കൊവിഡ് വേഗത്തില്‍ സുഖപ്പെടുമെന്ന് അവകാശപ്പെട്ട് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത് വിവാദമായതിനെത്തുടര്‍ന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാജമരുന്നുകള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാംദേവിന് മുന്നറിയിപ്പ് നല്‍കി. കൊവിഡിനെ സുഖപ്പെടുത്തുമെന്ന് പറഞ്ഞ് ‘കൊറോനില്‍’ എന്ന ആയുര്‍വേദ മരുന്നാണ് പതഞ്ജലി പുറത്തിറക്കിയത്. ലോകരാജ്യങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ അവകാശവാദവുമായി രാംദേവിന്റെ കമ്പനി രംഗത്തെത്തിയത്.

വ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാംദേവിന് ഇതിന് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു. പതഞ്ജലി ആയുര്‍വേദ ഇറക്കിയ ‘കൊറോനിലിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് ജയ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കണ്ടെത്തും. കോറോനിലിന്റെ പരസ്യങ്ങള്‍ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതിനെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം സ്വാഗതം ചെയ്തു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, സാംപിള്‍ വിശദാംശങ്ങള്‍, ബന്ധപ്പെട്ട അതോറിറ്റിയുടെ രജിസ്ട്രേഷന്‍ എന്നിവയില്ലാതെ കൊറോണ ചികില്‍സാ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല.

അത്തരം പരസ്യങ്ങള്‍ നിരോധിച്ച ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം വളരെ സന്തോഷകരമാണ്. പൊതുജനാരോഗ്യത്തിലും ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ലെന്നും അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. കൊവിഡിന് ബാധയ്ക്കെതിരായ മരുന്ന് എന്ന നിലയിലാണ് ചൊവ്വാഴ്ച പതഞ്ജലി ആയുര്‍വേദ ‘കൊറോണിന്‍’ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ കേന്ദ്ര ആയുഷ് മന്ത്രാലയം ഈ മരുന്ന് സംബന്ധിച്ച് കമ്ബനിയോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതുവരെ പരസ്യം നിര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു.