ഐ.പി.എല്ലിന് പതഞ്ജലി പരസ്യം നല്‍കില്ല; കാരണം ക്രിക്കറ്റ് വിദേശ കളിയാണ്

ന്യൂഡല്‍ഹി: ഐ.പി.എല്ലിന് പരസ്യങ്ങള്‍ നല്‍കില്ലെന്ന് ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ക്രിക്കറ്റ് ഒരു വിദേശ കളിയാണ്. അതുകൊണ്ടാണ് അതിന് പരസ്യം നല്‍കാത്തതെന്നും പതഞ്ജലി ആയുര്‍വേദ കമ്പനി വ്യക്തമാക്കി. ഐ.പി.എല്‍ സ്‌പോര്‍ട്‌സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നത്. കബഡി, റെസ്ലിംഗ് തുടങ്ങിയ ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് കമ്പനി സ്‌പോണ്‍സര്‍ ചെയ്യുകയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

പരസ്യത്തിനായി 570-600 കോടി ബജറ്റുള്ള കമ്പനിയാണ് പതഞ്ജലി. കഴിഞ്ഞ വര്‍ഷം റെസ്ലിംഗ് ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പതഞ്ജലി ഏറ്റെടുത്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന കബഡി ലോകകപ്പും ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശിക സ്‌പോര്‍ട്‌സുകളില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്നും പതഞ്ജലി ചീഫ് എക്‌സിക്യൂട്ടിവ് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

SHARE