ചെന്നൈ: കോവിഡ് വൈറസിന്റെ മരുന്നെന്ന രീതിയില്‍ കൊറോണില്‍ എന്ന മരുന്നു വിറ്റ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന് പത്തു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി.
അഞ്ച് ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗവണ്മെന്റ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഈ സ്ഥാപനങ്ങള്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് മൂലം ജനങ്ങള്‍ക്കിടയിലുള്ള ഭീതിയും പരിഭ്രാന്തിയും മുതലെടുക്കുകയാണ് പതഞ്ജലി ചെയ്യുന്നത്. കൊറോണില്‍ ടാബ്ലറ്റ് കോവിഡിന്റെ മരുന്നേയല്ല. ചുമ, പനി, ജലദോഷം എന്നിവയ്ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നു മാത്രമാണത്- കോടതി വ്യക്തമാക്കി.
മരുന്നിന് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി. പതഞ്ജലി കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ അടിസ്ഥാനമാക്കിയുള്ള അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.വി കാര്ത്തികേയന് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.