മുംബൈ: പാസ്പോര്‍ട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡും പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകളാണെന്ന് കോടതി. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് മുല്ല, മകൻ സൈഫുൽ എന്നിവരെ കുറ്റമുക്തരാക്കിയ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
നുഴഞ്ഞുകയറ്റക്കാരാണെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഇരുവരും ബംഗ്ലാദേശി ഭാഷയാണ് സംസാരിക്കുന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും പൊലീസ് ആരോപിച്ചു.
എന്നാൽ, ഒന്നാം പ്രതിയായ മുഹമ്മദ് മുല്ല വോട്ടർ തിരിച്ചറിയൽ കാർഡും രണ്ടാം പ്രതി സെയ്ഫു പാസ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. പാസ്പോർട്ടും തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന വോട്ടർ തിരിച്ചറിയൽ കാർഡും ഒരാളെ പൗരൻ എന്ന് അംഗീകരിച്ചതിനാൽ മാത്രം നൽകുന്നതാണെന്ന് കോടതി പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ആധാർ, പാൻ കാർഡുകൾ പൗരത്വ രേഖകളല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം 35കാരിക്ക് കോടതി തടവ് വിധിച്ചിരുന്നു.