അയ്യേ; ന്യായീകരണ തൊഴിലാളിയായി എത്തിയ അനുപം ഖേറിനെ പരിഹസിച്ച് പാര്‍വ്വതി തിരുവോത്ത്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണ തൊഴിലാളിയായി വന്ന പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വ്വതി തിരുവോത്ത്. കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ അനുപം ഖേറിന്റെ വീഡിയോക്ക് ‘അയ്യേ’ എന്ന പ്രതികരണവുമായി പാര്‍വതി രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. എന്നാല്‍ ‘അയ്യേ’ എന്ന ക്യാപ്ഷനോടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയാക്കി പങ്കുവച്ചുകൊണ്ടാണ് പാര്‍വ്വതി പ്രതികരിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തേയും പാർവ്വതി രംഗത്തെത്തിയിട്ടുണ്ട്. ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇനിയും പ്രതിഷേധങ്ങള്‍ ഉയരണം. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കരുത്. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. വയലന്‍സിലൂടെ സൈലന്‍സ് സൃഷ്ടിക്കാനാണ് ശ്രമം. മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ഞാനും പങ്കാളിയായിരുന്നു. ഇത് ശരിയല്ലെന്ന് വിളിച്ചുപറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം തയ്യാറാകണം. പാര്‍വതി പറഞ്ഞു. സൂര്യ’ പ്രഭാഷണ പരമ്പരയില്‍ വിയോജിപ്പിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരായി പാർവ്വതി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.