ന്യൂഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കായി അനുവദിച്ച ആയിരം കോടി രൂപ അവരുടെ സുരക്ഷിതമായ യാത്രയ്ക്കായി ചെലവിടണമെന്ന ആവശ്യവുമായി രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് ഓം പ്രകാശ് മാഥുര്‍ എം.പി. ഇതു സംബന്ധിച്ച് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. കുടിയേറ്റ തൊഴിലാളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയ വേളയിലാണ് മാഥുറിന്റെ കത്ത്. നിലവില്‍ പാര്‍ട്ടി നേതൃത്വം വിഷയം കൈകാര്യം ചെയ്യുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണിത്.
‘യെ സബ് ഹമാരെ ഹൈ ലോഗ് ഹൈ (ഇതെല്ലാം നമ്മുടെ ആളുകളാണ്’ – എന്നാണ് മാഥുറിന്റെ കത്തിലുള്ളത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയം അങ്ങേയറ്റത്തെ ചര്‍ച്ച അര്‍ഹിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാതെ തൊഴിലാളികളെ കേന്ദ്രം നേരിട്ട് അവരുടെ നാടുകളില്‍ എത്തിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
‘കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്രങ്ങളിലും ടി.വിയിലും കുടിയേറ്റ തൊഴിലാളികള്‍ നൂറു കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി പോകുന്നത് നിങ്ങള്‍ കണ്ടിരിക്കും. അതേക്കുറിച്ച് ബോധവാനായിരിക്കണം. അതു കൊണ്ടു തന്നെ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് അനുവദിച്ച ആയിരം കോടി രൂപ അവരുടെ സുരക്ഷിത യാത്രയ്ക്കായി ചെലവാക്കണം. അതാകും നല്ലത്’ – മാഥുര്‍ എഴുതി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണ് എന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ആയിരം കോടി രൂപ അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. തൊഴിലാളികളുടെ തിരിച്ചു പോക്കിനായി അനുവദിച്ച തീവണ്ടികളിലെ യാത്രാ ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രവും ബാക്കി 15 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്ന വാദവും കള്ളമാണ് എന്നു തെളിഞ്ഞിരുന്നു.
രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് 67കാരനായ ഓം പ്രകാശ് മാഥുര്‍. നേരത്തെ, ഗുജറാത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ മൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. ആദ്യഘട്ട ലോക്ക്ഡൗണ്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പത്ത് തൊഴിലാളികള്‍ എട്ടു പേര്‍ക്കും വേതനം കിട്ടിയില്ലെന്ന് ഒരു എന്‍.ജി.ഒ നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു.