വയനാട്ടില്‍ സി.പി.എമ്മിന് ‘എട്ടി’ന്റെ പണി; നേതൃത്വത്തിനെതിരെ എട്ട് ലോക്കല്‍ കമ്മിറ്റികള്‍

അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പും, സിപിഎം നേതൃത്വത്തിനെതിരെ വാട്‌സആപ്പില്‍ പ്രചരിക്കുന്ന സന്ദേശവും

സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ വയനാട്ടിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി. എം പ്രവര്‍ത്തകനുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി. പി.എം ഏരിയാ കമ്മിറ്റി അംഗവും സി. ഐ.ടി.യു മാനന്തവാടി ഏരിയാ സെക്രട്ടറിയും വാസുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തി നില്‍ക്കുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള എട്ട് ലോക്കല്‍ കമ്മിറ്റികള്‍ രാജി ഭീഷണി മുഴക്കികഴിഞ്ഞു.

വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തിങ്കാളാഴ്ച കേന്ദ്ര സമിതിയംഗം എളമരം കരീമിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത മാനന്തവാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്നും വര്‍ക്കി ഉള്‍പ്പെടെ എട്ടുപേര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഏരിയാകമ്മിറ്റിയംഗങ്ങളായ കെ എം അബ്ദുല്‍ ആസിഫ്, നിര്‍മലാ വിജയന്‍, സണ്ണി ജോര്‍ജ്ജ്, വി ജെ ടോമി, ബാബു, ഷജില്‍കുമാര്‍, എം മുരളീധരന്‍ എന്നിവരാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതില്‍ രണ്ട് പേര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാരായിരുന്നു. രാജി ഭീഷണിക്കൊപ്പം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള കര്‍ശനനടപടികളിലേക്കാണ് ലോക്കല്‍ കമ്മിറ്റികള്‍ നീങ്ങുന്നത്. നോട്ടക്ക് വോട്ട് എന്ന പേരില്‍ സോഷ്യല്‍മീഡിയയിലടക്കം സഖാക്കള്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

തൃശ്ശിലേരി, തലപ്പുഴ, പേര്യ, വാളാട്, പയ്യമ്പള്ളി, കണിയാരം, മാനന്തവാടി, കാട്ടിക്കുളം, തിരുനെല്ലി തുടങ്ങിയ ഒമ്പത് ലോക്കല്‍ കമ്മിറ്റികളില്‍ എട്ടും കടുത്ത പ്രതിഷേധത്തിലാണ്. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി മാര്‍ച്ച് 24ന് കുടുംബ സംഗമം നടത്താനും തീരുമാനിച്ചിരിക്കുകയാണ്. 2018 ഡിസംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത ദിവസമാണ് രക്തം കൊണ്ട് ഒപ്പിട്ട അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പുകള്‍ കണ്ടെത്തുന്നത്. ബാങ്ക് പ്രസിഡന്റായിരുന്ന വാസു, ബാങ്ക് സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ക്കെതിരെയായിരുന്നു ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൂവര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് വാസുവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി-ട്രേഡ് യൂണിയന്‍ പദവികളില്‍നിന്നും സി പി എം മാറ്റി നിര്‍ത്തിയിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ജില്ലാ കമ്മിറ്റിയംഗം ഒ.ആര്‍. കേളു, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. രജീഷ്, സി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന കമ്മീഷനെയും സി പി എം നിയോഗിച്ചു. അനില്‍കുമാറിന്റെ ആത്മഹത്യക്ക് വാസു ഉത്തരവാദിയല്ലെന്നും എങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നുമായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

ഈ റിപ്പോര്‍ട്ട് അഞ്ച് തവണ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പുറത്താക്കണമെന്ന ഉറച്ചനിലപാടുമായി ജില്ലാ സെക്രട്ടറിയേറ്റിന് തന്നെ ഏരിയാകമ്മിറ്റി തിരിച്ചയക്കുകയുമായിരുന്നു. ജില്ലാ നേതൃത്വത്തില്‍ വാസുവിനുള്ള സ്വാധീനമാണ് നടപടി നീട്ടുന്നതിന് കാരണമെന്നാണ് മാനന്തവാടിയിലെ നേതാക്കള്‍ കരുതുന്നത്. വാസുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ 44ലും സി പി എമ്മില്‍ കലാപക്കൊടി ഉയര്‍ന്നുകഴിഞ്ഞു. വിഭാഗിയതയെ തുടര്‍ന്ന് പേര്യ ലോക്കല്‍ കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും ഇതുവരെ നടത്താന്‍ കഴിഞ്ഞിട്ടില്ല. 300-ഓളം അംഗങ്ങളുള്ള തവിഞ്ഞാല്‍ ലോക്കല്‍കമ്മിറ്റി നടത്തിയ കുടുംബസംഗമത്തില്‍ എത്തിയത് കേവലം 40 പേര്‍ മാത്രമാണ്.

ആരോപണവിധേയനായ വാസുവിനെ പുറത്താക്കും വരെ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് ലോക്കല്‍ കമ്മിറ്റികള്‍ മുന്നറിയിപ്പ് നല്‍കിയതോടെ ജില്ലാനേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. സി.പി.എമ്മിലുണ്ടായ പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണവും പ്രതിസന്ധിയിലായിക്കഴിഞ്ഞു.