കിടപ്പു രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പാര്‍ട്ടി ഫണ്ട് പിരിച്ചു; സി.പി.ഐ നേതാക്കള്‍ വെട്ടില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷന്‍ തുകയില്‍നിന്ന് സി.പി.ഐ. പാര്‍ട്ടി ഫണ്ട് പിരിച്ചു. ക്ഷേമ പെന്‍ഷനില്‍നിന്ന് നൂറുരൂപ വീതം പിരിക്കുകയായിരുന്നു. അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലാണ് സംഭവം.

ഇരുപത്തഞ്ചോളം കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍നിന്നാണ് പാര്‍ട്ടി തുക പിരിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മരുന്നിനും മറ്റുമായി കിടപ്പുരോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനില്‍നിന്നാണ് പ്രവര്‍ത്തനഫണ്ടിലേക്കെന്ന പേരില്‍ സി.പി.ഐ. പണം പിരിച്ചത്.

സംഭവത്തെ കുറിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാനാണ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം. സി.പി.ഐക്ക് സ്വാധീനമുള്ള മേഖലകളാണ് അഞ്ചല്‍, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍.

ആളുകളില്‍നിന്ന് നിര്‍ബന്ധിതമായി തന്നെയാണ് പണം പിരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു നല്‍കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. എന്നാല്‍ ഈ ചട്ടം പാലിക്കാതെ, സമീപത്തെ ഒരു അംഗന്‍വാടിയില്‍ വെച്ചാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. കിടപ്പുരോഗികളോ അവരുടെ ബന്ധുക്കളോ വന്ന് വാങ്ങണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സി.പി.ഐ. പ്രതിനിധിയായ വാര്‍ഡ് അംഗം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പെന്‍ഷന്‍ വിതരണം.

നാട്ടുകാരും മറ്റ് രാഷ്ട്രീയസംഘടനകളും പ്രതിഷേധവുമായി എത്തിയതോടെ പിരിവ് സി.പി.ഐ. അവസാനിപ്പിക്കുകയായിരുന്നു. കിടപ്പുരോഗികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ പ്രദേശത്തെ സഹകരണസംഘത്തിലെ ജീവനക്കാരോ മറ്റോ വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് പതിവ്. എന്നാല്‍ ഈ ചട്ടം ലംഘിച്ചായിരുന്നു സി.പി.ഐയുടെ നടപടി.

SHARE