തത്ത വില്‍പനക്കിടെ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

പേരാമ്പ്ര : തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ തത്തകളെ കൈവശം വെച്ചതിന് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പയ്യോളി പൊലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു. തിരൂപ്പൂര്‍ സ്വദേശികളായ ലക്ഷ്മി, ഭാഗ്യം എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശം രണ്ട് കൂടുകളിലായി 60 തത്തകളുണ്ടായിരുന്നു. തത്ത വില്‍പന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വന്യ ജീവി നിയമ പ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെട്ടതാണ് തത്തകള്‍. ഇതിനെ വില്‍ക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബു, വി. സുരേഷ്, ശ്രീലേഷ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ വിജില, ശോഭന എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

SHARE