മുട്ടുമടക്കി കേന്ദ്രം; ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

്പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം സന്തോഷം പങ്കിടുന്ന കോണ്‍ഗ്രസ് എംപിമാര്‍

ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ലോകസാഭാ സ്പീക്കര്‍ ഓം ബിര്‍ള റദ്ദാക്കി.
സഭയിലെ മോശം പെരുമാറ്റം ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

സഭയുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിൽ വിളിച്ച സർവ്വകക്ഷി യോഗത്തിനുശേഷമാണ് നടപടി. കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ മാറ്റിവച്ചിരുന്നു.

സര്‍വ്വകക്ഷി യോഗത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയതിന് പിന്നാലെ ലോക്‌സഭ ഉച്ചയ്ക്ക് 1.30 വരെ പിരിഞ്ഞു.

ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ച എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസഭകളും സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ എംപിമാരുടെ യോഗം ചേര്‍ന്നാണ് പ്രതിഷേധം നടപടികള്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ തുടര്‍ന്ന് സത്യഗ്രഹമിരുന്നു.

പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും തടസപ്പെട്ടു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും സ്!പീക്കറെ കണ്ടു. തുടര്‍ന്ന് ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായി. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗത്തിനുശേഷമാകും നടപടി. കൂടാതെ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനിച്ചു.