2019 തെരഞ്ഞെടുപ്പ് ലക്ഷ്യം; ലോകസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് വിതച്ച വിഷം കൊണ്ട് ദുരിതം അനുഭവിക്കാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ മോദി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീരിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നു എന്നുവരെ പറയുകയുണ്ടായി.

എന്നാല്‍ മോദിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു. ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമെല്ലതിന്നും തികച്ചും രാഷ്ട്രീയം ലക്ഷ്യംവെച്ചാണ് മോദി സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തിനിടെ പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി, കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് തികച്ചും രാഷ്ട്രീയമായാണ് സംസാരിച്ചത്. പ്രതിഷേധിക്കാനുളള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ തന്നെ പ്രസംഗം തടയാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു.

ആന്ധ്രാപ്രദേശിന്റെ പുത്രനായ നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ് അപമാനിച്ചത് ആര്‍ക്കെങ്കിലും മറക്കാനാവുമോ. രാജീവ് ഗാന്ധിയുടെ അപമാനത്തില്‍ മനംനൊന്താണ് എന്‍.ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടിയുണ്ടാക്കിയതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജനാധിപത്യത്തെ കുറിച്ചുളള പാഠങ്ങള്‍ കോണ്‍ഗ്രസ് പഠിപ്പിക്കേണ്ടെ. ജനാധിപത്യം എന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അത് ഇന്ത്യയുടെ അവിഭാജ്യ ഘടകവും സംസ്‌കാരവുമാണെന്നത് മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.