ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. എണ്‍പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വില്‍പ്പനയാണ് ബിസ്‌കറ്റിനുണ്ടായത് എന്ന് കമ്പനി വ്യക്തമാക്കി. കുറച്ചുകാലമായി പ്രതിസന്ധിയിലായിരുന്ന കമ്പനി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്.
ഏറെ കൗതുകകരമാണ് വില്‍പ്പന വര്‍ദ്ധിക്കാനുള്ള കാരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നഗരങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള തിരിച്ചു പോക്കില്‍ കുടിയേറ്റ തൊഴിലാളികള്‍ അഞ്ചു രൂപയുടെ ബിസ്‌കറ്റ് പായ്ക്കറ്റ് വാങ്ങി സൂക്ഷിച്ചതാണ് കമ്പനിക്ക് നേട്ടമായത്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളിലാണ് ജോലി സ്ഥലങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരികെ പോയിരുന്നത്.
‘മൊത്തം വിപണി ഓഹരിയില്‍ അഞ്ചു ശതമാനം വര്‍ദ്ധനവുണ്ടായി. ഇതില്‍ 80-90 ശതമാനവും പാര്‍ലെ ജി വില്‍പ്പനയില്‍ നിന്നാണ്. ഇത് അപ്രതീക്ഷിതമാണ്’ -എകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. എന്നാല്‍ കൃത്യമായ സ്ഥിതിവിവരക്കണക്ക് ഷാ നല്‍കിയില്ല.

1939 ലാണ് പാര്‍ലെ ജി ബിസ്‌കറ്റുകള്‍ വിപണിയിലെത്തിയത്. 1980 വരെ പാര്‍ലെ ഗ്ലൂകോ എന്ന പേരിലാണ് ബിസ്‌കറ്റ് അറിയപ്പെട്ടിരുന്നത്. വിലക്കുറവാണ് ബിസ്‌കറ്റിന്റെ ആകര്‍ഷണം. ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും കമ്പനിയുടെ അഞ്ചു രൂപയുടെ പായ്ക്കുകളായിരുന്നു.
പാര്‍ലെ ജി മാത്രമല്ല, ഗുഡ് ഡേ, മില്‍ക് ബികിസ്, ബോര്‍ബോണ്‍, മാരി, പാര്‍ലെയുടെ തന്നെ ക്രാക് ജാക്, മൊണാണോ, ഹൈഡ് ആന്‍ഡ് സീക് തുടങ്ങിയ ബിസ്‌കറ്റുകളും ലോക്ക്ഡൗണിനിടെ നന്നായി വില്‍ക്കപ്പെട്ടതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന ഉല്‍പ്പന്നം എന്ന നിലയിലാണ് ബിസ്‌ക്റ്റുകള്‍ വില്‍ക്കപ്പെട്ടത്. കുടിയേറ്റ തൊഴിലാളികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.