അരലക്ഷം രൂപക്ക് ഗര്‍ഭിണിയായ മകളെ വിറ്റു; മാതാപിതാക്കള്‍ പിടിയില്‍

വഡോദര: ഗര്‍ഭിണിയായ പതിനേഴുകാരിയായ മകളെ 50000 രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗര്‍ഭിണിയാക്കിയ ആള്‍ക്ക് തന്നെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിറ്റത്. വികാസ് വാസവ എന്നയാളുമായി പെണ്‍കുട്ടി ലിവ് ഇന്‍ റിലേഷനിലായിരുന്നു. ഇതിനേക്കുറിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായതോടെ കുട്ടിയെ വീട്ടില്‍ കയറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. ഇവര്‍ വികാസ് വാസവയെ വിളിച്ച് കുട്ടിയെ വില്‍ക്കാന്‍ പോവുകയാണെന്നും അമ്പതിനായിരം രൂപ നല്‍കി കുട്ടിയെ വാങ്ങണമെന്നും ആവശ്യപ്പെട്ടു.

പണം കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയ ഇയാളെ വീണ്ടും പണമാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ കൂടുതല്‍ പണം നല്‍കാനാവില്ലെന്ന് വിശദമാക്കി ഇയാള്‍ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി വഡോദര ജില്ലാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വാങ്ങിയ ആളെയും മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വാസവയില്‍ നിന്ന് കൂടുതല്‍ പണം വാങ്ങണമെന്ന് ഒരു ബന്ധു നിര്‍ദ്ദേശിച്ചതിനേത്തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കളുടെ മൊഴി.

SHARE