കോവിഡ് ബാധിച്ച് മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മാതാപിതാക്കള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മാതാപിതാക്കള്‍. ഒമ്പതു മാസം പ്രായമുളള മകന്റെ മൃതദേഹമാണ് മാതാപിതാക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചത്. ഡല്‍ഹിയിലെ എയിംസില്‍വച്ച് മേയ് 26 നാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചതോടെ മൃതദേഹം ആശുപത്രി അധികൃതരോട് സംസ്‌കരിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മേയ് 25 നാണ് റാംപൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ കുഞ്ഞിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ തലയില്‍ ഒരു മുഴ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ എയിംസില്‍ ഇതിനുളള ചികിത്സയിലായിരുന്നു.

മകന്റെ മൃതദേഹം സ്വീകരിക്കാതെ കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് എയിംസ് അധികൃതര്‍ തങ്ങളെ സമീപിച്ചതായി റാംപൂര്‍ ജില്ലാ ഭരണകൂടം പറഞ്ഞു. മൂന്നു ദിവസം കാത്തിരുന്നിട്ടും മകന്റെ മൃതദേഹം എയിംസ് അധികൃതര്‍ വിട്ടു നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മകന്‍ എയിംസില്‍ ചികിത്സയിലായിരുന്നെന്നും അയാള്‍ പറഞ്ഞു.

‘മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എയിംസിലേക്ക് മകനെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച മകന്റെ ആരോഗ്യനില മോശമായതോടെ റാംപൂറിലെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടര്‍മാര്‍ ഡല്‍ഹിയില എയിംസിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. വാടകയ്‌ക്കെടുത്ത കാറില്‍ മകനെയും കൊണ്ട് എയിംസിലേക്ക് മേയ് 25 ന് പോയി. എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. എയിംസിലെ ഡോക്ടര്‍മാര്‍ എന്റെയും ഭാര്യയുടെയും മകന്റെയും സാംപിളുകള്‍ കോവിഡ് പരിശോധനയ്ക്കായി എടുത്തു. മേയ് 26 ന് മകന്‍ മരിച്ചു. അതേ ദിവസമാണ് മകന് കോവിഡ് പോസിറ്റീവാണെന്നും, ഞങ്ങളുടേത് നെഗറ്റീവാണെന്നും പറഞ്ഞത്. മകന്റെ മൃതദേഹം ഞങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ എയിംസിലെ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. എല്ലാ നിയമാനുസൃത നടപടികള്‍ക്കും ശേഷമേ മൃതദേഹം കൈമാറൂവെന്ന് അവര്‍ അറിയിച്ചു,’ പിതാവ് പറഞ്ഞു.

‘പിറ്റേ ദിവസം മകന്റെ മൃതദേഹം വാങ്ങാനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ എല്ലാ നടപടികളും പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങളെ വിളിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് 29 വരെ ഞാന്‍ ആ കാറില്‍ കഴിച്ചുകൂട്ടി. എന്റെ കയ്യിലെ പണമെല്ലാം തീര്‍ത്തു. മൃതദേഹം വാങ്ങാനായി കാത്തിരുന്ന് ഞാന്‍ തളര്‍ന്നു. തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്,’ പിതാവ് പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ നന്നാക്കുന്ന വര്‍ക്‌ഷോപ്പ് നടത്തുകയാണ് ഇയാള്‍.

‘റാംപൂറില്‍ മടങ്ങിയ എത്തിയശേഷം മേയ് 30 ന് എയിംസിലെ ഡോക്ടര്‍ എന്നെ വിളിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് തിരികെ മടങ്ങി വരാന്‍ എനിക്ക് കഴിയില്ലെന്നും മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു,’ പിതാവ് പറഞ്ഞു

അതേസമയം, മാതാപിതാക്കളുടെ സാംപിളുകള്‍ കോവിഡ് പരിശോധനയ്ക്കായി റാംപൂര്‍ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുട്ടിയെ അഡ്മിറ്റ് ചെയ്ത നഴ്‌സിങ് ഹോം താല്‍ക്കാലികമായി അടയ്ക്കുകയും അണുനശീകരണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

SHARE