കോവിഡ്19; ഇരട്ടക്കുട്ടികള്‍ക്ക് കോവിഡെന്നും കൊറോണയെന്നും പേരിട്ട് രക്ഷിതാക്കള്‍


ന്യൂഡല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്.

അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മാര്‍ച്ച് 27ന് ജനിച്ച കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പേരിട്ടത്. ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കുമാണ് റായ്പൂരിലെ 27 കാരിയായ പ്രീതി വെര്‍മ്മ ജന്മം നല്‍കിയത്.

ആണ്‍കുട്ടിക്ക് കൊവിഡ് എന്നും പെണ്‍കുട്ടിക്ക് കൊറോണയെന്നുമാണ് പേരിട്ടത്. അതേസമയം പേര് പിന്നീട് മാറ്റുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വൈറസ് അപകടകാരിയാണെങ്കിലും അത് ഓര്‍മ്മിപ്പിക്കുന്നത് ആളുകള്‍ ശുചിത്വമുള്ളവരായിരിക്കണം എന്നതാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.