കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം: പിന്നില്‍ മാതാപിതാക്കളെന്ന് സംശയം; ചോദ്യം ചെയ്യുന്നത് തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ- പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

കുട്ടിയുടെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. കുട്ടിയെ കൊലപ്പെടുത്തിയശേഷം കടല്‍ഭിത്തിയില്‍ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ ബന്ധുക്കളും നാട്ടുകാരും കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് വീട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

ഒരു വയസ്സുള്ള കുട്ടിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാതാവുകയായിരുന്നു. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്നു പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു കടല്‍ക്കരയോടു ചേര്‍ന്ന പാറക്കൂട്ടത്തിനുള്ളില്‍ തല കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ പ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു. രാത്രി വീട്ടില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്.
വീടിന്റെ ഇരുവാതിലുകളും അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വീടിനും കടലിനും ഇടയില്‍ ഉയര്‍ന്ന കരിങ്കല്‍ ഭിത്തിയും പാറക്കെട്ടുകളുമുണ്ട്. അതു നടന്നു കയറി കുട്ടി തനിയെ കടലില്‍ വീഴാന്‍ സാധ്യതയില്ല എന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണം ആരംഭിച്ച പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യുന്നുണ്ട്.

SHARE