‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് തന്റെ കുഞ്ഞ് വ്ളോഗിലൂടെ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ബാലന്, കോവിഡ് കാലത്ത് ലോകത്തിന് തന്നെ ഒരു മോട്ടിവേറ്ററാവുകയാണ്. ജീവിതത്തിലെ എല്ലാ പരിശ്രമങ്ങളും പാളിപോയി എന്ന് കരുതി നിരാശപ്പെട്ട് ഇരിക്കുന്നവര്‍ക്ക് ഈ കുഞ്ഞ് കുട്ടിയുടെ രണ്ട് മിനുറ്റ് വീഡിയോ മതിയാവും ചിലപ്പോള്‍ വിചാരിച്ച പോലെ ആവന്നതും ചിലപ്പോ തിരിച്ചടിയാവുന്നതുമായി ജീവിതത്തെ മനസ്സിലാക്കാന്‍.
എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ ഒരു വിജയവും കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവരാണ് നമ്മളില്‍ അധികപേരും. ഒറ്റ ശ്രമത്തില്‍ വിജയം ആഗ്രഹിക്കുന്ന പലരും ചെറുപ്പത്തില്‍കേട്ട ചിലന്തിയുടെ കഥപോലും മറന്ന് ആദ്യ പരാജയം കൊണ്ട്തന്നെ എല്ലാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെ സെന്റി അടിച്ചു ജീവിതം കുളമാക്കുന്നവര്ക്ക് ഇവനെക്കാള്‍ വലിയൊരു മോട്ടിവേറ്ററെ എവിടെ കിട്ടാന്‍.
വാട്സ്ആപ്പ് വീഡിയോയിലൂടെയും മറ്റു സോഷ്യല്‍മീഡിയകളും വഴി വൈറലായ ഈ വിഡിയോ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. കടലാസൊക്കെ കൃത്യമായി മടക്കി പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് പൂവ് ക്ഷമയോടെ മുറിച്ചെടുക്കുകയാണ്. എന്നാല്‍ പൂവ് ഇപ്പോള്‍ റെഡിയാകുമെന്ന വിശ്വാസത്തില്‍ കടലാസ് തുറന്നപ്പോഴാകട്ടെ പൂവ് ദേ രണ്ട് കക്ഷണം . പക്ഷേ തോറ്റഭാവം മുഖത്ത് കാണിക്കാതെ കൂളായി അവന്റെ ആ പറച്ചിലാണ് വിഡിയോയുടെ ഹൈലൈറ്റ് ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. അതേസമയം, വീഡിയോ വൈറലായതോടെ മലബാര്‍ ശൈലിയില്‍ സംസാരിക്കുന്ന കുട്ടിയുടെ വിലാസം തേടിയും സോഷ്യല്‍മീഡിയ ഓടുന്നുണ്ട്.