പപ്പ സ്വീകരണമുറിയില്‍ അതിഥികളോടൊപ്പം, കുടുംബക്കാര്‍ യുദ്ധ കോലാഹലത്തില്‍; രൂക്ഷവിമര്‍ശനവുമായി ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപുമായി അതിഥിസല്‍ക്കാരത്തില്‍ മുഴുകിയ ഭരണകൂടത്തിനെതിരെ രൂക്ഷപ്രതികരണവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരംനടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികള്‍ നടത്തിയ അക്രമണങ്ങള്‍ സംഘര്‍ഷത്തിലും കൊലപാതകങ്ങളിലും കലാശിച്ചിരിക്കെയാെ രൂക്ഷപ്രതികരണവുമായി പ്രശസ്ത എഴുത്തുകാരന്റെ ട്വീറ്റ്.

പപ്പ സ്വീകരണമുറിയില്‍ അതിഥികളോടൊപ്പം ഇരിക്കുന്നു. കുടുംബാക്കാര്‍ തൊട്ടടുത്ത മുറിയിലിരുന്നു യുദ്ധ കോലാഹലത്തിലും, വളരെ മോശം. ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. ഡല്‍ഹി കലാപം, 2020ലോ അതിനു ശേഷമോ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ചേതന്‍ ഭഗത് ട്വറ്റ് ചെയ്തു.

അക്രമികള്‍ ഡല്‍ഹി കത്തിക്കുമ്പോഴും മോദി ഭരണകൂടം നടത്തുന്ന ട്രംപ് ഷോയ്‌ക്കെതിരെ നിരിവധി പേര്‍ നേരത്ത രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നിരവധി ട്രോളുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

അതേസമയം, പൗരത്വ നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത് നേരത്തെയും രംഗത്തെത്തിയിരുന്നു. പൗരത്വ നിയമവും എന്‍.ആര്‍.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ കത്തിക്കരുതെന്നും ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനപ്പെട്ട അതിഥികള്‍ വരുമ്പോള്‍, നമ്മള്‍ ഇന്ത്യക്കാരെപ്പോലെ ആരും ഇങ്ങനെ കലഹിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഭഗത് ട്വീറ്റ് ചെയ്തിരുന്നു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം ഉയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ചേതന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജെ.എന്‍.യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ചേതന്‍ ഭഗത് വ്യക്തമാക്കി. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടും ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്താകമാനം ഉയര്‍ന്നിരുന്നു.

നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവായ ചേതന്‍ ഭഗത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ചിരുന്ന എഴുത്തുകാരനായിരുന്നു. നിലവില്‍ പൗരത്വനിയമ ഭേദഗതി പോലൊരു വിഷയത്തില്‍ ചേതന്‍ ഭഗതിന്റെ ശക്തമായ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുന്നുണ്ട്. പലവിഷയങ്ങളിലും ബിജെപി അനുകൂല ‌നിലപാടെടുത്തിരുന്ന ചേതൻ ഭഗത് പൗരത്വ ബില്ലിനെതിരെ ശക്തമായ ഭാഷയിലാണ് ആ‍ഞ്ഞടിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കൂടുതൽ പ്രതികരണങ്ങളും.

രാജ്യത്തു നിലനിൽക്കുന്നസാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചുള്ളമാണ് ഭരണകൂടം ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തെ യുവാക്കൾ രോഷാകുലരാണെന്നും അവർക്ക് ആവശ്യത്തിന് ജോലിയോ ശമ്പളമോ ഇല്ലെന്നും അവരോട് കളിക്കാന്‍ നില്‍ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾക്കും സർക്കാർ നിലപാടിനുമെല്ലാം എതിരെയും ചേതൻ ഭഗത് പ്രതികരിക്കുന്നുണ്ട്. താൻ സമരങ്ങൾക്ക് ഒപ്പമാണെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം തുറന്നടിക്കുന്നു.

എന്‍ആര്‍സി നടപ്പിലാക്കുന്നത് രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളെ വിഭജിക്കാനാണ് ബിജെപി എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. എന്‍ആര്‍സി മതേതരമായിരിക്കാം. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് വലിയ ഉപദ്രവമാണ്. വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ആധാര്‍ ഒന്നും ബാധകമല്ല. എത്ര തവണ ജനങ്ങള്‍ വ്യക്തിത്വം തെളിയിക്കേണ്ടി വരും. ഇത് എപ്പോഴാണ് അവസാനിക്കുന്നത്? എന്‍ആര്‍സി പീഡനമാണെന്നും ചേതന്‍ ഭഗത് പറഞ്ഞു.

ഒരു ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവര്‍ 200 ദശലക്ഷം മുസ്‍ലിംകളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് കരുതേണ്ട. അതിനു ശ്രമിച്ചാല്‍ ഇന്ത്യ കത്തുമെന്നും ജി.ഡി.പി തകരുമെന്നും ഇനിയുള്ള തലമുറയെപ്പോലും അത് ബാധിക്കുമെന്നും ചേതൻ ഭഗത് തുറന്നടിക്കുന്നു.