അലന്‍-താഹ കേസ് എന്‍.ഐ.എക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; യു.എ.പി.എ ചുമത്തിതിനാലാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും എന്‍ഐഎ കേസ് ഏറ്റെടുത്തതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

അലന്‍, താഹ നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെ തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് എംകെ മുനീര്‍ ആരോപിച്ചു. ഇവര്‍ ചെയ്ത കുറ്റം എന്തെന്നോ ഇവര്‍ക്കെതിരായ തെളിവുകളോ എന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെടുത്തത് സിപിഎം ഭരണഘടനയാണ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കം നിരവധി പേര്‍ കേസിനെ തള്ളിപ്പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്നും എം.കെ മുനീര്‍ ചോദിച്ചു. എന്‍.ഐ.എ കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്കുമേല്‍ യുഎപിഎ ചുമത്തിയതെന്നും വിദ്യാര്‍ത്ഥികളെ അന്യായമായി തടവില്‍ വെക്കുകയാണെന്നും മുനീര്‍ ആരോപിച്ചു.

അഞ്ച് വര്‍ഷമായി അലനും താഹയും പൊലീസ് നിരീക്ഷണത്തിലാണെന്ന് പറയുന്നു. അക്കാലത്തൊന്നും പാര്‍ട്ടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേയെന്നും മുനീര്‍ ചോദിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ആണ് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, പന്തീരാങ്കാവ് യുഎപിഎ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കുന്നതിന് മുമ്പെ എന്‍ഐഎ ഏറ്റെടുത്തതാണെന്നും ഏത് മക്കള്‍ ജയിലിലായാലും അച്ഛനമ്മമാര്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്തിതിനാലാണ് എന്‍ഐഎ വന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതാണ്. അതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ല. പൊലീസിന്റെ ഇടപെടല്‍ കൊണ്ടല്ല, ആവശ്യത്തിന് ഹാജരില്ലാത്തതുകൊണ്ടാണ് അലനെയും താഹയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കിയത്. മകന്‍ കേസില്‍പ്പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ നിഷേധിച്ചു.

അതേസമയം, വിഷയം വളരെ ലാഘവത്തിലെടുത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്. നിയമസഭയില്‍ സംസാരിച്ചത് പിണറായി വിജയനാണോ നരേന്ദ്രമോദിയാണോയെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിടിവാശി കളയണം. ഗവര്‍ണറുടെ കാലുപിടിക്കുന്നതിനേക്കാള്‍ ഭേദമാണ് അമിത് ഷായുടെ കാലുപിടിക്കുന്നത്. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നില്ല. പക്ഷെ സര്‍ക്കാര്‍ സമീപനം ശരിയല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ഏഴു മാവോയിസ്റ്റുകളെയാണ് വെടിവെച്ച് കൊന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ ഈ യുവാക്കളുടെ വീട് സന്ദര്‍ശിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.