തച്ചങ്കരിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍; വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. തച്ചങ്കരിയുടെ പെരുമാറ്റം സ്വേച്ഛാധിപതിയെ പോലെയാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എം.ഡിയുടെ നയങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യന്‍.

എം.ഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിക്കുന്ന പല നടപടികളും കമ്മീഷന്‍ പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. എം.ഡിയുടെ പേര് പറയുന്നത് പോലും നാണക്കേടാണ്. ഇന്ന് വന്ന് നാളെ പോകേണ്ടവനാണ് താനെന്ന കാര്യം തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. നേരത്തെ സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിക്കെതിരെ രംഗത്ത് വന്നിരുന്നു. തച്ചങ്കരിയെ മാറ്റില്ലെന്നും അദ്ദേഹം മടുത്ത് ഇറങ്ങിപ്പോവേണ്ടിവരുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു.

SHARE