ആദ്യ മണിക്കൂറുകളില്‍ തന്നെ 25000; നോര്‍ക്കയില്‍ അപേക്ഷകര്‍ ഒരു ലക്ഷം കവിഞ്ഞു- കൂടുതലും യു.എ.ഇയില്‍ നിന്ന്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഒരു ലക്ഷം കവിഞ്ഞു. അഞ്ചു മണിക്കൂര്‍ കൊണ്ട് 1,00,755 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആദ്യ മണിക്കൂറുകളില്‍ തന്നെ അപേക്ഷകര്‍ കാല്‍ലക്ഷം കടന്നു. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്; 45,430 പേര്‍. ഇതില്‍ നാല്‍പ്പത്തിയഞ്ച് ശതമാനം പേരും ദുബൈയില്‍ നിന്നാണ്.

11,668 പേര്‍ ഖത്തറില്‍ നിന്നും 11,365 പേര്‍ സൗദിയില്‍ നിന്നും 6,350 പേര്‍ കുവൈത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു. ഒമാനില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തവര്‍ 4,375. ബഹ്‌റൈല്‍ നിന്ന് 2,092 പേരും. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച യു.എസില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത് 321 പേരാണ്. യു.എസില്‍ ഇതുവരെ 960,000 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മരണം 54,700 കടന്നു. യു.കെയില്‍ നിന്ന് 621 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മലേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എല്ലാവരെയും ഒരുമിച്ച് എത്തിക്കുന്നത് പ്രായോഗികമല്ലെന്ന് പ്രവാസി പ്രമുഖരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരികെ വരുന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സൗകര്യങള്‍ പര്യാപ്തമാവില്ലെന്ന ആശങ്കയുണ്ട്. വരും ദിവസങ്ങളിലെ രജിസ്‌ട്രേഷന്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വരും.

ഗര്‍ഭിണികള്‍, വിസിറ്റിങ് വിസകളില്‍ പോയവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗുരുതരമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. തിരിച്ചുവരുന്നവരുടെ പരിശോധന നെഗറ്റീവ് ആയാല്‍ പോലും വീട്ടില്‍ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ കിടക്കേണ്ടി വരും. വീടുകളില്‍ താമസിക്കാന്‍ ആകാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങളില്‍ ക്വാറന്റീനില്‍ കഴിയാം. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചവരെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും.