ഓമശ്ശേരി: ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ ആഹാരം വിളമ്പിക്കഴിച്ച് പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം. കപ്പയും, ചമ്മന്തിയും സുലൈമാനിയുമെല്ലാം പരസ്പര സ്നേഹത്തിന്റെ അടയാളമായി. കോഴിക്കോട് ഓമശ്ശേരിയിലെ സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമര പന്തിഭോജനം.
പുഴുക്കിന്റെയും കാന്താരിച്ചമ്മന്തിയുടെയും സ്വാദ് സകലര്‍ക്കും ഒരുപോലെയായിരുന്നു. മധുരം നിറച്ച് വിളമ്പിയ സുലൈമാനിയും ഇവര്‍ക്ക് കൂട്ടായ്മയുടെ അടയാളം മാത്രം. ഒത്തുചേര്‍ന്ന് മല്‍സരിച്ച് വിളമ്പിയ അന്നത്തിന് മുന്നില്‍ ഇവര്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വ്യത്യാസമില്ല. സഹോദര സ്നേഹത്തിന്റെ അടയാളം മാത്രം. ബസ്റ്റാന്റില്‍ ബസിലെത്തിയവര്ക്കും വിളമ്പി സ്നേഹപ്പുഴുക്ക്. നിലനില്‍പ്പിനായുള്ള പോരാട്ടമെന്ന് സൗഹൃദ കൂട്ടായ്മ.

സിഗ്നി ദേവരാജന്റെ നേതൃത്വത്തില്‍ വരകകളിലൂടെ പ്രതിഷേധമറിയിക്കാന്‍ നിരവധി പേര് കൂറ്റന്‍ ക്യാന്‍വാസില്‍ നിറം പകര്‍ന്നു. നാട്ടുകാരും കുട്ടികളും വരകളില്‍ പങ്കെടുത്തു, അഞ്ച് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.
സമീക്ഷ, ഉറവ് ,സേവന ,കാരുണ്യ , കരുണ,കര്‍മ്മ ,മാസ്ക് ,അരിയന്‍സ് ,ഷട്ടലേര്സ് ,ഒമാസ്കോ,സിനെര്‍ജി ,ബെപാസ്സ് ,ഗ്യാപ് ,കാസിനോ,തുടങ്ങി പതിനാലോളം സാംസ്കാരിക സംഘടനകളുടെ നേത്രത്വത്തിലായിരുന്നു സമരം. നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് സംഘടകര്‍ പറഞ്ഞു.