കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുന്നെന്നാണ് കീഴ്‌ക്കോടതി ഉത്തരവില്‍ പറയുന്നത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് കഴിഞ്ഞദിവസം ജാമ്യഹര്‍ജി പരിഗണിക്കവേ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ.എം.കെ.ദിനേശ് മുന്നോട്ടുവച്ചത്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് നിയമപരമായും മാനുഷിക പരിഗണനയിലും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. നിരോധിത പ്രസ്ഥാനങ്ങളില്‍ അംഗമാവുക അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് അറസ്റ്റിലായ അലനും, താഹക്കുമെതിരെ ചുമത്തിയിരിക്കുന്നത്.