പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കുടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന്പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കുടരഞ്ഞി പഞ്ചായത്ത് തള്ളുകയായിരുന്നു.

നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പേരിലുള്ള പാര്‍ക്ക് അനധികൃതമായി നിര്‍മ്മിച്ചതാണെന്നടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടുത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. അതേസമയം ശാസ്ത്രീയ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന് കണ്ടെത്തി ജില്ലാഭരണകൂടം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അതേസമയം എം.എല്‍.എയുടെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കും തടയണയും കക്കാടംപൊയിലില്‍ വന്‍ദുരന്തത്തിന് ഇടയാക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്ടെത്തല്‍.