വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക: മുസ്‌ലിംലീഗ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് ഉറപ്പ് വരുത്താനും പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുസ് ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ 2015ലെ വോട്ടേഴ്‌സ് ലിസ്റ്റാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് പട്ടികയായി പരിഗണിക്കുന്നത്. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയ പുതിയ വോട്ടര്‍മാര്‍ ഈ പട്ടികയില്‍ ഉണ്ടാകില്ല.
അതുകൊണ്ടു തന്നെ അതാതു പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികകള്‍ സൂക്ഷ്മ നിരീക്ഷണം നടത്തി ലിസ്റ്റില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്താനും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും പരമാവധി ശ്രമിക്കണം. 2019ലെ പട്ടിക മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹൈക്കോടതിയെ സമീപിച്ചിക്കുകയും വിഷയത്തില്‍ കോടതി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അന്തിമ തീരുമാനം ആകാത്തതിനാല്‍ നിലവില്‍ 2015ലെ വോട്ടര്‍ പട്ടികയാണ് മാനദണ്ഡമാക്കുന്നത്. നേരത്തെ വോട്ട് ചെയ്തിട്ടുണ്ടെന്നു കരുതി പട്ടിക പരിശോധിക്കാത്തവരുണ്ടാകും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് ആരുടെയും വോട്ടവകാശം നഷ്ടപ്പെടാത്ത വിധത്തില്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.

പ്രവാസി വോട്ടര്‍മാരുടെ പേരു ചേര്‍ക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.