പത്തനംതിട്ട: പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറ് ഷട്ടറുകളും രണ്ടടി വീതം ഉയര്‍ത്തി. അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ നാല്‍പ്പത് സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. നിലവില്‍ ഡാം തുറക്കുന്നതിനുള്ള ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചിട്ടുണ്ട്.
ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിയുമ്പോള്‍ മാത്രമേ റാന്നി ടൗണില്‍ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയില്‍ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല. അതിനാല്‍ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അത്തരം സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.ഇപ്പോള്‍ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കില്‍ രാത്രി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം അര്‍ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക.