മഹാരാഷ്ട്രയില്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

മുംബൈ: മനഃസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സ്ത്രീയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്ത വാര്‍ത്ത പുറത്തുവരുന്നു. നളസോപാറ നഗരത്തിലെ കടയുടമ ശിവ ചൗധരി (30) ആണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ജൂലൈ 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അക്കോലെ തലവ് റോഡിലുള്ള പ്രിയങ്ക കോംപ്ലെക്‌സിലെ താമസക്കാരന്‍ ഭാര്യയെ ജൂണ്‍ 26 മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി തുലിന്‍ജ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയപ്പോഴാണ് പൊലീസും അന്വേഷണം തുടങ്ങിയത്. ജൂണ്‍ 27ന് തന്നെ പരാതി ലഭിച്ചു. അന്വേഷിച്ചപ്പോള്‍ സ്ത്രീ ജൂണ്‍ 26ന് ചൗധരിയുടെ കടയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നുവെന്നു കണ്ടെത്തി.

തന്റെ കടയിലെത്തിയ സ്ത്രീയുമായി സാധനങ്ങളുടെ വിലയെച്ചൊല്ലി ചൗധരി തര്‍ക്കിക്കുകയും തുടര്‍ന്ന് ഇവരെ അടിച്ചുവീഴ്ത്തി കഴുത്തു മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയെ അടിച്ചുവീഴ്ത്തിയശേഷം ഇവരെ കടയ്ക്കു പിന്നിലേക്കു തലമുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ നോക്കിയതിനുശേഷമാണ് കത്തികൊണ്ട് കഴുത്തു മുറിച്ചത്.

ജൂണ് 27ന് പുലര്‍ച്ചെ മൂന്നിന് ചൗധരി ഇവരുടെ ശരീരം മൂടിപ്പൊതിഞ്ഞ് കടയില്‍നിന്ന് അര കിലോമീറ്ററോളം ദൂരെ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം ജീപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് (ജൂണ്‍ 28ന്) ഈ ജീപ്പില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ചൗധരി കൊലപ്പെടുത്തിയശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ചൗധരിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ എല്ലാം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാള്‍ക്കു പൂര്‍വവൈരാഗ്യം ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത്രയും ക്രൂരത കാട്ടാന്‍ ഇയാള്‍ക്കു തോന്നിയതിനു പിന്നില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

SHARE