ലണ്ടന്‍: കോവിഡ് ഭീതിയുടെ പെരുമ്പാമ്പായി ഇഴഞ്ഞു നടക്കുകയാണ് ഇപ്പോള്‍ ലണ്ടനിലെ തെരുവുകളില്‍. ഈ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് മുമ്പില്‍ ജനം വിറങ്ങലിച്ചു നില്ക്കുന്നു. എങ്കിലും, ഏതു ദുരന്തമുഖത്തെ ഭീതിക്കിടയിലും മിന്നാമിനുങ്ങു വെട്ടം പോലെ ചിലതുണ്ട്. നമ്മെ പൊതിഞ്ഞു കിടക്കുന്ന ചില സ്നേഹവായ്പുകള്‍.
അങ്ങനെയൊന്നാണ് ലണ്ടനില്‍ ഹിബ എക്സ്പ്രസ് എന്ന ഫല്സ്തീന് റസ്റ്ററന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ലണ്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സ്നേഹവും കരുതലും കൂട്ടിക്കുഴച്ച ഭക്ഷണമെത്തിച്ചാണ് ഹിബ എക്സ്പ്രസ് ഐക്യദാര്‍ഢ്യത്തിന്റെ പുതിയ പേരാകുന്നത്.
ഇതേക്കുറിച്ച് റസ്റ്ററന്റ് സ്ഥാപകന്‍ ഫലസ്തീനിയായ ഉസാമ ഖാഷൂ പറയുന്നതിങ്ങനെ;
‘ ഈ പോരാട്ടത്തിന്റെ മുന്നിരയിലിലുള്ള പോരാളികള്‍ക്കാണ് ഞങ്ങള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ആശുപത്രിയില്‍ ചെന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഊണ് വിതരണം ചെയ്യുന്നു. ആശുപത്രിക്ക് പുറത്തെത്തി, ആവശ്യമുള്ളവര്‍ക്കും ഭക്ഷണം നല്കുന്നു. ഞങ്ങള്‍ ഫലസ്തീനില്‍ നിന്നുള്ളവരാണ്. ലോക്ക്ഡൗണും കര്‍ഫ്യൂവും ഒക്കെ ഞങ്ങള്‍ക്ക് പരിചിതമാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ ലോക്ക് ഡൗണിലാണ്’ – ഖാഷൂ പറയുന്നു.
‘എന്റെ ജീവനക്കാരാണ് ഹീറോകള്‍. എല്ലാവരും അറേബ്യയില്‍ നിന്നുള്ളവരാണ്. അല്‍ജീരിയ, മൊറോക്കോ, ഇറാഖ്, തുനീഷ്യ, ഫലസ്തീന്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. എല്ലാവരും സൗജന്യമായാണ് ജോലി ചെയ്യുന്നത്. കാര്യങ്ങള്‍ ഗൗരവമായാണ് ഞങ്ങള്‍ കാണുന്നത്. ഇനി ഒരിക്കലും ഇതു തിരിച്ചുവരരുത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഖ്ലൗബ എന്ന വിഭവമാണ് ഹിബ എക്സ്പ്രസിന്റെ സ്പെഷ്യല്‍. ഇറച്ചിയും ചോറും പച്ചക്കറിയും ഉള്‍ക്കൊള്ളുന്ന ഈ വിഭവമാണ് വിതരണം ചെയ്യുന്നതും. എല്ലായിടങ്ങളിലും പകുതി നിരക്കിലാണ് വിഭവം വിതരണം ചെയ്യുന്നത്.