കോവിഡ് കാലത്ത് വേദനയും അതേ സമയം അഭിമാനവും സമ്മാനിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ചിത്രം. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍ എന്നും ജനലിന്റെ വശത്ത് വന്നിരുന്നു ഈ മകന്. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് ഈ ജനാലയിലൂടെ അമ്മയുടെ അവസാനനിമിഷങ്ങള്ക്കും സാക്ഷിയായി.ഈ മകനെ ഓര്‍ത്ത് ആ അമ്മയുടെ ആത്മാവ് സന്തോഷത്തോടെ അഭിമാനിക്കും എന്നാണ് പലരും ചിത്രം പങ്കുവച്ച് കുറിക്കുന്നത്.
73 കാരിയായ അമ്മ റസ്മി സുവൈതി ആശുപത്രിയിലായ ശേഷം എന്നും 30കാരനായ മകന് കാണാനെത്തും. കോവിഡ് നിയന്ത്രണങ്ങളുണ്ടായത് കൊണ്ട് അമ്മ കിടക്കുന്ന മുറിയുടെ ജനാലയില്‍ ഇരുന്നാണ് അമ്മയെ കാണുന്നത്. അമ്മയെ തൊടാനോ സംസാരിക്കാനോ കഴിഞ്ഞില്ലെങ്കിലും മണിക്കൂറുകളോളം നോട്ടം കൊണ്ട് ഈ മകന് അമ്മയെ പരിചരിച്ചു. അമ്മയുടെ മരണം വരെ ആശുപത്രിയുടെ കെട്ടിടത്തില്‍ വലിഞ്ഞുകയറി ആ ജനാലയ്ക്കരില്‍ ഈ മകന് സ്ഥാനം പിടിച്ചിരുന്നു.
ബ്ലഡ് കാന്‍സറിന് ചികില്സയിലിരിക്കുമ്പോഴാണ് കോവിഡ് റസ്മി സുവൈതിയെ പിടികൂടുന്നത്. അമ്മയ്ക്കൊപ്പം ആശുപത്രിയുടെ അകത്ത് നില്ക്കാന് അനുവാദം തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കെട്ടിടത്തിന് പുറത്തൂടെ കയറി ജനാലയ്ക്ക് സമീപം മകന് സ്ഥാനം പിടിച്ചത്.