പാലത്തായി കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശം വിവാദമാകുന്നു

കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണത്തില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് വിശദീകരിക്കുന്ന ശബ്ദസന്ദേശം വിവാദമാവുന്നു. സംഭവത്തില്‍ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്. പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത്.ക്രിമിനല്‍ നടപടി ക്രമത്തിലെ 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഉദ്യോഗസ്ഥന്‍ തന്നെ ഈ വിവരങ്ങള്‍ പങ്കുവെക്കുന്നത്. സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്.

പീഡിപ്പിക്കപ്പെട്ടതായി ഇര പറഞ്ഞ ദിവസങ്ങളില്‍ പ്രതി കോഴിക്കോട്ടായിരുന്നു എന്നതും പീഡനം നടന്ന സ്‌കൂളിലെ ബാത്ത് റൂമിന് കൊളുത്തുണ്ടായിരുന്നില്ല എന്നതുമടക്കമുള്ള ഘടകങ്ങളാണ് പ്രതിക്കെതിരേ പോക്‌സോ ചുമത്താത്തതെന്നാണ് വിശദീകരണം. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ അറിയിച്ച കേസില്‍ തുടര്‍നടപടികളെ അട്ടിമറിക്കുന്നതാണ് പ്രചരിക്കുന്ന സംഭാഷണത്തിലെ പരാമര്‍ശങ്ങളെല്ലാം.സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി ശ്രീജിത്തിന്റെ ഓണ്‍ലൈന്‍ ‘വിചാരണയും വിധിയും’ നിയമവുരുദ്ധവും അട്ടിമറിയുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

SHARE