കണ്ണൂര്‍:പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന് പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. ഡി.വൈ.എസ്.പി മധുസൂധനന് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന് ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം.കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നതില്‍ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്.
പ്രതി പത്മരാജന് പെണ്‍കുട്ടിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി.