പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം

കണ്ണൂര്‍: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിന്‍ മേല്‍ മറ്റു വാദങ്ങളൊന്നും കോടതിയില്‍ നടന്നില്ല. ജാമ്യം അനുവദിച്ചുവെന്ന് മാത്രമാണ് ജഡ്ജി ഉത്തരവിട്ടത്. അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നതിനാല്‍ സ്വാഭാവിക ജാമ്യമെന്ന നിലയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ച് ജാമ്യം ലഭ്യമാക്കാന്‍ ക്രൈംബ്രാഞ്ച് ഒത്തുകളിച്ചിരുന്നു. ഇത് വിവാദമാവുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ പോക്‌സോ വകുപ്പ് ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഭാഗിക കുറ്റപത്രം മാത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഡിവൈഎസ്പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.

പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിച്ചിരുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

SHARE