കണ്ണൂര്‍: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന് പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിട്ടില്ല. ഡിവൈഎസ്പി മധുസൂധനന് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളെ അധ്യാപകന് ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതായാണ് വിവരം. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതി പത്മരാജന് പെണ്‍കുട്ടിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന് നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.