പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി: ഐജി ശ്രീജിത്തിനെതിരെ പരാതിയുമായി ഇരയുടെ മാതാവ്

കൊച്ചി: പാലത്തായി പീഡനക്കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ അമ്മ. ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദരേഖ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി ഇരയായ പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തിയിരിക്കുന്നത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും മകളെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് പരാതി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധമില്ലാത്ത ഒരാളുമായി ഏകദേശം 20 മിനിട്ടോളം ഐജി ശ്രീജിത്ത് സംസാരിച്ചതായും വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇയാളോട് വെളിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനു പുറമെ കേസിലെ ഒരു സാക്ഷിയുടെ പേരും ഐജി ശ്രീജിത്ത് വെളിപ്പെടുത്തി. ഇക്കാര്യം ഐപിസി 223 എ, പോക്‌സോ ആക്ട് 24(5) എന്നിവ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന്റെ അന്വേഷണ വേളയില്‍ പോലീസ് ഒന്നിലേറെ തവണ പെണ്‍കുട്ടിയെ യൂണിഫോമിലെത്തി ചോദ്യം ചെയ്‌തെന്നും തലശ്ശേരി ഡിവൈഎസ്!!പി വേണുഗോപാലിന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ മാനസികനില പരിശോധിക്കാന്‍ കോഴിക്കോട്ട് എത്തിയപ്പോള്‍ പാനൂരില്‍ നിന്ന് സ്ഥലം മാറ്റിയ സിഐ ശ്രീജിത്ത് എത്തി കുട്ടിയെ ചോദ്യം ചെയ്തതായും അമ്മ പരാതിയില്‍ ആരോപിച്ചു. ഐജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണത്തിന്റെ രേഖയില്‍ പ്രതിഭാഗം ഉന്നയിക്കുന്ന കാര്യങ്ങള്‍ പോലുമുണ്ടെന്നും ഇത് മകള്‍ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെടാന്‍ ഇടയാക്കിയതായും മാതാവ് ചൂണ്ടിക്കാട്ടി.

കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്തിന്റെ നടപടികള്‍ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഐജി ശ്രീജിത്ത് ചെയ്തത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നും അന്വേഷണത്തില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നുമായിരുന്നു ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടത്. കേസിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ പത്മനാഭന് ജാമ്യം ലഭിക്കാന്‍ കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു.