കുറ്റപത്രം വൈകുന്നു; പാലത്തായി പോക്സോ കേസില്‍ നിരാഹാര സമരവുമായി രമ്യ ഹരിദാസ് എംപി, അഡ്വ ഫാത്തിമ തഹ്ലിയ അടക്കമുള്ള വനിതാ പ്രമുഖര്‍

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായിയിലെ പോക്‌സോ കേസില്‍ ക്രൈം ബ്രാഞ്ച് അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പത്ത് വനിതകളുടെ നിരാഹാരം. അധ്യാപകനും ബിജെപി നേതാവുമായി പത്മരാജന്‍ പ്രതിയായ പാലത്തായി പോക്‌സോകേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഏകദിന നിരാഹാരം സമരവുമായി രംഗത്തെത്തിയത്.

രമ്യാ ഹരിദാസ് എംപി, അഡ്വ ഫാത്തിമ തഹ്ലിയ ( എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്), ലതികാ സുഭാഷ് ( സംസ്ഥാന പ്രസിഡന്റ് മഹിളാ കോൺഗ്രസ്), അംബിക (എഡിറ്റർ മറുവാക്ക്), ശ്രീജ നെയ്യാറ്റിൻകര (ആക്ടിവിസ്റ്റ്), അമ്മിണി കെ വയനാട് (സംസ്ഥാന പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം), കെ.കെ റൈഹാനത്ത് ( സംസ്ഥാന പ്രസിഡന്റ് വിമൺ ഇന്ത്യ മൂവ്‌മെന്റ്), ജോളി ചിറയത്ത് (അഭിനേത്രി, ആക്ടിവിസ്റ്റ്), പ്രമീള ഗോവിന്ദ് ( മാധ്യമ പ്രവർത്തക), ലാലി പി എം ( സിനിമാ പ്രവർത്തക) എന്നിവരാണ്  നിരാഹാരം അനുഷ്ഠിക്കുന്നത്.

കോവിഡ് കാലത്ത് പുറത്തിറങ്ങി സമരം ചെയ്യാന്‍ കഴിത്താതിനാല്‍ പലയിടങ്ങളില്‍ ഇരുന്നുകൊണ്ടായിരിക്കും പത്ത് സ്ത്രീകളും നിരാഹാരം അനുഷ്ഠിക്കുന്നത്. ഇന്ന് രാവിലെ 6 മണിക്കു തുടങ്ങിയ നിരാഹാര സമരം വൈകുന്നേരം 6 മണിവരെയാണ്. പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിന്‍മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇവരെ കൂടാതെ കേരളത്തിലെ ആദിവാസി സമര നായിക സി കെ ജാനു, പെമ്പിളൈ ഒരുമൈ സമര നായിക ഗോമതി ഇടുക്കി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് ആക്ടിവിസ്റ്റുമാരായ ബിന്ദു അമ്മിണി, അഡ്വ കുക്കു ദേവകി, ദിയ സന, ബിന്ദു തങ്കം കല്യാണി തുടങ്ങിയവരും നിരാഹാര സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

കേസിൽ പത്മരാജൻ അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുട്ടിയെ മറ്റൊരാൾക്കും ഇയാൾ കാഴ്ച വച്ചുവെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല.