കണ്ണൂര്‍: പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പത്മരാജന്റെ ജാമ്യം തടയണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍. കുട്ടിയുടെ മൊഴിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്. പോക്‌സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശ്ശേരി പോക്‌സോ കോടതിക്ക് ജാമ്യഹര്‍ജി പരിഗണിക്കാനാകില്ല.
ഇരയെ കേള്‍ക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വകരിക്കണമെന്നും ഹര്‍ജിയില്‍ മാതാവ് ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് ജാമ്യം ലഭിച്ചതിന് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അടക്കം രംഗത്തെത്തി. പിന്നാലെ പ്രതിക്ക് ജാമ്യം കിട്ടിയത് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.