പാലത്തായി കേസില്‍ കുറ്റപത്രം സമര്‍പിച്ചില്ല; മന്ത്രി കെകെ ശൈലജയുടെ പോസ്റ്റിനു താഴെ വന്‍ പ്രതിഷേധം


കണ്ണൂരില്‍ ബിജെപി നേതാവായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെ വന്‍ പ്രതിഷേധം. മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന് താഴെയാണ് രൂക്ഷവിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയത്. ശൈലജയുടെ മണ്ഡലത്തിലാണ് ഈ കേസ് നടന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യതയുള്ള ഘട്ടത്തിലാണ് ശൈലജ ടീച്ചറുടെ ‘കുട്ടികളുടെ മാനസിക/ ആത്മഹത്യ പ്രശ്‌ന പരിഹാരം’ എന്ന ഫേസ്ബുക്ക് കുറിപ്പിന് താഴെ വ്യാപക പ്രതിഷേധം ഉയരുന്നത്. ‘കേരളം മറക്കില്ല, ടീച്ചറെ നീതി വേണം’, ‘മൗനം വെടിയുക…. പാലത്തായി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക’, എന്നിങ്ങനെയാണ് പ്രതിഷേധ മുദ്രാവാക്യങ്ങള്‍.

നേരത്തെ കേസിലെ പ്രതിയായ പദ്മരാജനെ പൊലീസ് പിടികൂടാത്ത സാഹചര്യത്തിലും പൊതുജന പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് ലൈവ് അടക്കമുള്ളവയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധക്ഷണിച്ചതിനെ തുടര്‍ന്നാണ് പിന്നീട് പ്രതിയായ പദ്മരാജനെ പൊലീസ് ബന്ധുവീട്ടില്‍ നിന്നും പിടികൂടാന്‍ നിര്‍ബന്ധിതനായത്. അറസ്റ്റ് ചെയ്ത് 90 ദിവസമാകാന്‍ ശേഷിക്കെ കുറ്റപത്രം സമര്‍പ്പിക്കാത്തത് കേസിലെ കടുത്ത വീഴ്ച്ചയായാണ് കണക്കാക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങും. പോക്‌സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നതെന്നതും ഗുരുതരമായ അലംഭാവമാണ്.