പാലത്തായി പീഡന കേസ്: പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയും അധ്യാപകനുമായ ബിജെപി നേതാവ് പത്മരാജന് ജാമ്യം നല്‍കിയ പോക്‌സോ കോടതി വിധിക്കെതിരെ ഇരയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പത്മരാജന് ഹൈക്കോതി നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി നോട്ടീസ് നല്‍കാനാണ് ഉത്തരവ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് ആറാം തീയതി വീണ്ടും പരിഗണിക്കും.

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായകമായ വിധം പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയതെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

പോക്‌സോ കുറവ് ചെയ്തുകൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്‌സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പാലത്തായി പീഡനക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലമാക്കിയത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍കോടിക്‌സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിന്റെ ഭാഗമായി.

SHARE