ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്‌നി

തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീത തസ്‌നി.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്റെയും വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെയൂടെ മൂക്കിന് താഴെയായി പാലത്തായി പീഡനക്കേസിലെ ബിജെപിക്കാരനായ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് താന്‍ ആര്‍എസ്എസിനെ സഹായിച്ചില്ലെന്ന രീതിയില്‍ സ്ഥല എംഎല്‍എ കൂടിയായ ശൈലജ രംഗത്തെത്തിയത്.

കണ്ണടച്ച് ഇരുട്ടാക്കാത്തവര്‍ക്ക് സത്യമറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണത്തോടുള്ള മുഫീദ തസ്‌നിയുടെ മറുപടി. കേസിന്റെ തുടക്കത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് ഞാന്‍ വിചാരിച്ചത് എന്ന സമീപനമാണ് മന്ത്രി ശൈലജ സ്വീകരിച്ചതെന്ന വിമര്‍ശനവും ഹരിത സംസ്ഥാന പ്രസിഡന്റ് ഉയര്‍ത്തി. പോക്സോ കേസ് ഉള്‍പ്പെടുത്താതെ കുറ്റപത്രം ചുമത്തിയപ്പോള്‍ ടീച്ചര്‍ മൗനം ആയിരുന്നല്ലോ എന്നും ഇപ്പൊ ഇതാ പ്രതി ജാമ്യത്തിലിറങ്ങി വിലസുകയാണെന്നും മുഫീദ തസ്‌നി പറഞ്ഞു. ഇതിലൊക്കെ മന്ത്രി എന്ത് പറയുന്നു, ആവാം പക്ഷേ ആക്കരുത്, എന്ന് കൂട്ടിച്ചേര്‍ത്തായിരുന്നു, മന്ത്രിയായ ശൈലജയുടെ ഫെയ്‌സ്ബുക് പോസ്റ്റിനുള്ള മുഫീദയുടെ മറുപടി.

ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസുകാരനായ പ്രതിയ്ക്കു വേണ്ടി ഞാന്‍ നിലകൊണ്ടെന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയാവുന്ന ആരും വിശ്വസിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി കെ.കെ ശൈലജയുടെ പ്രതികരണം. കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് കുനിയില്‍ പത്മരാജന് കഴിഞ്ഞ ദിവസാമണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. മന്ത്രി ശൈലജയുടെ മണ്ഡലത്തില്‍ നടന്ന ദാരുണ സംഭവത്തില്‍ പ്രതിയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ വൈകിയതില്‍ വലിയ വിമര്‍ശനം ഉയരുന്നിരുന്നു. തുടര്‍ന്ന് ബിജെപി നേതാവ് കൂടിയായ പ്രതിയ്ക്കെതിരെ പോക്സോ ചുമത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അന്വേഷണസംഘത്തിന്റെ അനാസ്ഥ പ്രതിയ്ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കുമെന്ന് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കും വിധം പ്രതി പുറത്തിറങ്ങുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പത്മരാജനെതിരെ ബലാത്സംഗക്കുറ്റത്തിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കുറ്റപത്രത്തില്‍ ബലാത്സംഗക്കുറ്റമില്ല. ഇതോടെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രികൂടിയായ ശൈലജക്കെതിരേയും പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെയും സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് താനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ മന്ത്രി കെ കെ ശൈലജയുടെ ഫെയ്സ്ബുക്കിലെ കുറിപ്പ് എത്തിയത്. മന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെതിരെതിരേയും മുഫീദയുടെ മറുപടിയെ അനുകൂലിച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്.

പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ മന്ത്രി ശൈലജ പൊലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് സംസാരിച്ചു എന്ന് മുന്‍പും പറഞ്ഞിരുന്നതാണെന്നും എന്നാല്‍ താങ്കള്‍ കരുതിയതുപോലെ അന്ന് അറസ്റ്റ് നടന്നിരുന്നില്ലെന്നും ഡോക്ടറും എഴുത്തുകാരനും കൂടിയായ നല്‍സന്‍ ജോസഫ് പ്രതികരിച്ചു.
കുറ്റാരോപിതന്‍ ഒളിവില്‍ പോയി. അതെവിടെയാണെന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല ഊഹാപോഹങ്ങളും പ്രചരിച്ചു. പ്രതിഷേധം ശക്തമായി. ഒടുവില്‍ എവിടെനിന്നാണ് അറസ്റ്റ് നടന്നതെന്ന് നമുക്കെല്ലാമറിയാം.
അന്ന് വളരെ ശക്തമായിട്ട് ആ കുറ്റത്തിനു ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് പറഞ്ഞത്. അത് ഏതാണ്ട് രണ്ട് മാസത്തിലധികം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി. വീണ്ടും പ്രതിഷേധമുയര്‍ന്നു. വാര്‍ത്തകളിലൂടെ അറിഞ്ഞതുവച്ച് തൊണ്ണൂറ് ദിവസം പൂര്‍ത്തിയാവുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായ താങ്കളുടെ സ്വന്തം മണ്ഡലത്തിലെ, താങ്കള്‍ നേരിട്ടിടപെട്ട ഒരു കേസിലെ അവസ്ഥയാണിത്. കേസിനാസ്പദമായ സംഭവം നടന്ന ശേഷം ആറ് മാസത്തിലധികവുമായെന്നും നല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.