കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പാനൂരിനടുത്ത് പാലത്തായിയില്‍ പിതാവ് നഷ്ടപ്പെട്ട നാലാംക്ലാസുകാരി ഇക്കഴിഞ്ഞമാര്ച്ചില് സ്കൂളില്‍വെച്ചും മറ്റും അധ്യാപകനാല്‍ നിരന്തരമായി ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന പൊലീസും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് കേരളത്തിന്റെ പുരോഗമനബോധത്തിന് മാത്രമല്ല, മാനുഷികതക്കും സാമാന്യനീതിക്കും എതിരായ ഒന്നാണ്. കേസിന്റെ മൂന്നുമാസം തികയുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് തട്ടിക്കൂട്ടിയ കുറ്റപത്രത്തില്‍ പൊലീസും ആഭ്യന്തരവകുപ്പും ലളിതമായ വ്യവസ്ഥകള്‍ ചേര്‍ത്തതുകാരണം അധ്യാപകനും ബി.ജെ.പി പഞ്ചായത്ത്അധ്യക്ഷനുമായ പ്രതിക്ക് ജയില്‍മോചനം ലഭിച്ചിരിക്കുകയാണ്. കേരളീയ പൊതുസമൂഹം ഉറക്കെ ഒച്ചവെച്ച് ഈ പാവപ്പെട്ട പെണ്‍കുട്ടിക്കും അവളുടെ സാധുകുടുംബത്തിനും നീതി വാങ്ങിക്കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ എം.പിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനിതാസംഘടനകളും മുസ്ലിംലീഗും യൂത്ത്ലീഗും എം.എസ്.എഫുമെല്ലാം രംഗത്തിറങ്ങിയിട്ടും ഒരുനിരാലംബയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയുംകാര്യത്തില് സര്‍ക്കാര്‍ തങ്ങളുടെ സങ്കുചിത അജണ്ട നടപ്പാക്കിയ അനുഭവമാണ് പ്രതിയുടെ ജാമ്യം നമ്മെയെല്ലാം ബോധ്യപ്പെടുത്തുന്നത്. പോക്സോ ഒഴിവാക്കി ദുര്‍ബലമായ ജുവനൈല്ജസറ്റിസ് വകുപ്പ് ചാര്‍ത്തിയാണ് പ്രതിക്ക് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. സംരക്ഷിക്കാനും പഠിപ്പിക്കാനും ബാധ്യസ്ഥനായയാളായ പ്രതി കുട്ടിക്കെതിരെകാട്ടിയത് മനുഷ്യമന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ്.
പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനത്തിന് നിലവിലെ കേന്ദ്രനിയമമാണ് നടപ്പാക്കേണ്ടത്. പോക്സോ എന്ന പേരുള്ള രാജ്യത്തെ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടി 2012ലെ ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷം പാര്‍ലമെന്റ് ഏകകണ്ഠമായാണ് ഈ നിയമം പാസാക്കിയത്. പാലത്തായി പെണ്‍കുട്ടിയുടെ കാര്യത്തില്‍ പ്രസ്തുത നിയമം ചാര്ത്തപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും തെല്ലുംസംശയമുണ്ടാകില്ല. എന്നാല്‍ സംഭവം നടന്നതും കേസെടുത്തതും മുതലിങ്ങോട്ട് പൊലീസും പിണറായി സര്‍ക്കാരും ഈ കേസിന്റെ കാര്യത്തില്‍ അക്ഷന്തവ്യമായ അലംഭാവം മാത്രമല്ല, പ്രതിക്കനുകൂലമായി ബോധപൂര്‍വമായ ഇടപെടലുകളാണ് നടത്തിയതെന്ന് കേസിന്റെ നാള്‍വഴികള്‍ ഓരോന്നും ബോധ്യപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരവും ചാരിത്ര്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ കയറിയ സര്‍ക്കാരില്‍നിന്ന് ഇത് പ്രതീക്ഷിക്കാവതല്ലെങ്കിലും വാളയാര്‍, വടക്കാഞ്ചേരി തുടങ്ങിയസ്ഥലങ്ങളില്‍ സമൂഹത്തിലെ ദുര്‍ബലരായ സ്ത്രീ-ശിശുവിഭാഗം നേരിട്ട കൊടിയ പീഡനങ്ങളുടെ കാര്യത്തിലെല്ലാം വാക്കൊരുവഴി, നടപടി വേറൊരുവഴിക്ക് എന്ന നയമാണ് ഇടതുപക്ഷസര്‍ക്കാര്‍ സ്വീകരിച്ചത്. പാലത്തായിയുടെ കാര്യത്തില്‍ പൊലീസിന് വീഴ്ചപറ്റിയതാണെന്നും ആഭ്യന്തരവകുപ്പും അത് ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടപെട്ട് ഇരക്ക് നീതിലഭ്യമാക്കുമെന്നുമായിരുന്നു പൊതുവായപ്രത്യാശയെങ്കില് അതെല്ലാം പാഴ്സ്വപ്നമായിരിക്കുകയാണിപ്പോള്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെതുടര്‍ന്നാണ് ഒരു മാസത്തോളം കഴിഞ്ഞ് വനിതകൂടിയായ ശിശു-ആരോഗ്യക്ഷേമമന്ത്രിയുടെ നിയോജകമണ്ഡലംഉള്പ്പെടുന്ന സ്ഥലത്തെ പ്രതിയെ അറസ്റ്റുചെയ്യാന്‍പോലും പൊലീസ് തയ്യാറായത്.
പാലത്തായി കേസിലെ പ്രതി പത്മരാജന് പരമാവധിശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന അധ്യാപകസമൂഹത്തിന്റെയും സമൂഹത്തിന്റെയും പ്രതിയുടെ പാര്‍ട്ടിയുടെപോലും ആവശ്യമാണെന്നിരിക്കെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നടത്തിയ കുല്സിതനീക്കങ്ങള് വ്യക്തമാക്കുന്നത് സംസ്ഥാനസര്‍ക്കാരും അഥവാ സി.പി.എമ്മും പ്രതിയുടെ പാര്‍ട്ടിയും തമ്മില്‍ അരുതാത്തതും ജനം പ്രതീക്ഷിക്കത്തതുമായ അന്തര്‍ധാര ഉണ്ടായെന്നാണ്. അല്ലെങ്കില്‍ കേരളം കണ്ട ഇത്രയും പ്രമാദമായൊരു ലൈംഗിക പീഡനക്കേസില്‍ സര്‍ക്കാരെന്തുകൊണ്ട് മലര്‍ന്നുകിടന്ന് തുപ്പുന്നു? ക്രൈംബ്രാഞ്ചിന് കുറ്റപത്രംസമര്‍പ്പിക്കാന്‍ യഥേഷ്ടം സമയം ഉണ്ടായിരിക്കവെയാണ് ബി.ജെ.പിക്കാരനായ ലൈംഗികക്കേസ് പ്രതിക്കുവേണ്ടി ഈനാറിയ കളി സര്‍ക്കാരും പൊലീസും കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയും ചേര്‍ന്ന ്കളിച്ചത്. ഹൈക്കോടതി രണ്ടുതവണ നിഷേധിച്ച ജാമ്യത്തിന് അവസരമൊരുക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കുകപോലും ചെയ്യില്ലെന്ന് ഭയന്നാണ് മഹിളാകോണ്‍ഗ്രസിന്റെയും വനിതാലീഗിന്റെയും മറ്റും സംസ്ഥാനഭാരവാഹികള്‍ ഈ കോവിഡ് കാലത്തും സമരവുമായി രംഗത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളിലും പ്രതിക്കെതിരെ സര്‍ക്കാര്‍ ജാഗ്രതപാലിക്കേണ്ടതിന്റെയും ഇരയുടെ നീതിക്കുവേണ്ടിയും സര്‍ക്കാരിനെ ജനം ഉണര്‍ത്തുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേശ വിഭാഗമായ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് പോലും പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്ന് ഉപദേശിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. എന്നിട്ടും കണ്ണൂര്‍ജില്ല കേന്ദ്രീകരിച്ച സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും എന്തുതരം രാഷ്ട്രീയമാണ് ഈപാവപ്പെട്ട പെണ്‍കുട്ടിയുടെ കാര്യത്തില്‍ നടപ്പായതെന്നറിയാന് വോട്ടര്‍മാരായ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
വാളയാറില്‍ രണ്ടുപിഞ്ചുപെണ്കുട്ടികള് ഒന്നരമാസത്തിന്റെ ഇടവേളയില്‍ കാമഭ്രാന്തന്മാരാല് പീഡിപ്പിക്കപ്പെട്ട് ദുരൂഹസാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടപ്പോഴും നാടിനെ ഞെട്ടിക്കുന്നരീതിയിലാണ് സംസ്ഥാനത്തെ ഇടതുപക്ഷമെന്നഭിമാനിക്കുന്ന സര്‍ക്കാര്‍ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ക്കും ദരിദ്രരായ ദലിത്കുടുംബത്തിനും നീതിവാങ്ങിച്ചുകൊടുക്കാനും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മാതൃകാനടപടി സ്വീകരിക്കേണ്ട സര്‍ക്കാരിലെ പൊലീസും പ്രോസിക്യൂഷനും പ്രതികള്‍ ഭരണകക്ഷിക്കാരെന്നതുകൊണ്ട് ഇരകള്‍ക്കെതിരായി നിലകൊണ്ടു. അതിന്റെ ഫലമായിരുന്നു പാലക്കാട് പോക്സോ കോടതിയുടെ പ്രതികളെ കേസില്‍നിന്ന് വിടുതല്‍ നല്‍കിക്കൊണ്ടുള്ള നാണംകെട്ടവിധി. വാളയാര്‍ സംഭവത്തില്‍ പ്രതികള്‍ക്ക് സി.പി.എമ്മിന്റെ സംരക്ഷണം കിട്ടിയെന്നതിന് വ്യക്തമായതെളിവുകള്‍ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. പ്രോസിക്യൂഷന് മാറ്റുന്നിടത്തേക്ക് വരെ അവിടെ കാര്യങ്ങളെത്തിയത് ഇതിന്റെ സൂചനയായിരുന്നു. പാലത്തായി കേസിലും ഇത്തരത്തിലൊരു കള്ളക്കളി സി.പി.എ ം നടത്തിയെന്ന് കുറ്റപ്പെടുത്തുന്നവരെ അവിശ്വസിക്കാന്‍ കഴിയില്ല. സി.പി.എമ്മും ബി.ജെ.പിയും മുമ്പും പരസ്പരലാഭത്തിനുവേണ്ടി ഇരകളെ തള്ളിപ്പറഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. കണ്ണൂരില്‍തന്നെ ഓട്ടോറിക്ഷക്കാരിയായ ദലിത് യുവതിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും സി.പി.എം ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയും ചെയ്ത സംഭവം വിസ്മരിക്കാനാവില്ല. എന്തിനേറെ ഏറ്റവും പുതുതായി കേരളത്തെ ഞെട്ടിപ്പിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ അടുത്ത ഐ.എ.എസ്സുകാരനാണ് ബി.ജെ.പിക്കാരടങ്ങുന്ന പ്രതികള്‍ക്ക് സ്വന്തം പദവി മറന്ന് സഹായം ചെയ്തുകൊടുത്തത്. ബി.ജെ.പി കൗണ്‍സിലറുടെ ഡ്രൈവറുടെ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ സി.പി.എം പ്രതിനിധിയായ സ്പീക്കര്‍ ചെന്നതും ഈ കാവി-കമ്യൂണിസ്റ്റ് അസംബന്ധപാലത്തിന്റെ ജീവിക്കുന്ന തെളിവാണ്.