പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പാനൂരിലെ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍. സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ കുനിയില്‍ പത്മരാജനാണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജന്‍ പിടിയിലായത്.

അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സമൂഹ മാധ്യമ കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് ധര്‍ണയും സംഘടിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബിജെപി നേതാവിനെതിരെ പോക്‌സോ നിയമ പ്രകാരമാണൃ കേസെടുത്തത്.

എന്നാല്‍ ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയായിരുന്നു പ്രതിഷേധം.
സ്‌കൂള്‍ ടോയ്‌ലെറ്റില്‍ വെച്ച് പത്ത് വയസുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ് പ്രതിയായ പത്മരാജന്‍.

SHARE