ട്രംപിന്റെ പദ്ധതിക്കെതിരെ ഫലസ്തീന്‍ യു.എന്നിലേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി തള്ളിക്കളയാനുള്ള തീരുമാനത്തിന് പിന്തുണ തേടി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്‍ രക്ഷാസമിതിയെ സമീപിക്കുന്നു. രണ്ടാഴ്ചക്കകം പദ്ധതിക്കെതിരെയുള്ള പ്രമേയവുമായി അദ്ദേഹം രക്ഷാസമിതിയെ സമീപിക്കുമെന്ന് ഫലസ്തീന്റെ യു.എന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ അറിയിച്ചു. എന്നാണ് സന്ദര്‍ശനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനെന്ന പേരില്‍ ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്‍സൂര്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തില്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. രക്ഷാസമിതിയുടെ അംഗമായ തുനീഷ്യയുടെ അംബാസഡര്‍ മുന്‍സിഫ് ബാത്തിയോടൊപ്പമാണ് മന്‍സൂര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്നത്.
രക്ഷാസമിതിയില്‍ ഫലസ്തീനോട് അനുഭാവമുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ പ്രമേയം കൊണ്ടുവരാനാണ് ഫലസ്തീന്റെ ശ്രമം. അത്തരം പ്രമേയങ്ങളെ അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്.ട്രംപിന്റെ പദ്ധതിയോട് ഫലസ്തീന്‍ ജനതക്കുള്ള എതിര്‍പ്പ് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യു.എന്‍ സന്ദര്‍ശനത്തിനിടെ അബ്ബാസ് ശ്രമിക്കും.
എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന് ഇസ്രാഈലിന്റെ യു.എന്‍ അംബാസഡര്‍ വ്യക്തമാക്കി.
അമേരിക്കയോടൊപ്പം ചേര്‍ന്ന് ഫലസ്തീനെതിരെ നയതന്ത്ര തലത്തില്‍ പ്രചാരണം നടത്തുമെന്നും ഇസ്രാഈല്‍ അറിയിച്ചു. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയും അധിനിവേശ വെസ്റ്റ് ബാങ്കും തന്ത്രപ്രധാന ജോര്‍ദാന്‍ താഴ്‌വരയും ഇസ്രാഈലിന് വിട്ടുകൊടുക്കുകയും ചെയ്യുന്ന ട്രംപിന്റെ സമാധാന പദ്ധതിക്കെതിരെ ഫലസ്തീനിലും അറബ് ലോകത്തും പ്രതിഷേധം ശക്തമാണ്.
ഇപ്പോള്‍ ഇസ്രാഈല്‍ കയ്യടക്കിവെച്ചിരിക്കുന്ന ഫലസ്തീന്‍ ഭൂഭാഗങ്ങള്‍ ഇസ്രാഈലിന് വിട്ടുകൊടുക്കണമെന്നാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയും അധിനിവേശ വെസ്റ്റ്ബാങ്കും തന്ത്രപ്രധാന ജോര്‍ദാന്‍ താഴ്‌വരയും ഇസ്രാഈലിന് നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന പദ്ധതി സ്വീകാര്യമല്ലെന്ന് അമേരിക്കയുടെ പാശ്ചാത്യ സഖ്യകക്ഷികള്‍ പോലും പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയാറാക്കിയത്. ഫലസ്തീനികള്‍ക്ക് ലഭിച്ച അവസാന അവസരമാണ് ഇതെന്ന് ട്രംപ് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.