അമ്മയുടെ കഴുത്തുഞെരിച്ച മകനെ ഹോം നഴ്‌സ് കുത്തിക്കൊന്നു

കൊച്ചി: പാലാരിവട്ടത്ത് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്‌സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം സ്വദേശി തോബിയാസ് ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്‌സ് ലോറന്‍സിനെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ലോറന്‍സ് മൊഴി നല്‍കി. കുത്തേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍, പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തോബിയാസിനെ കുത്തിയതിനുശേഷം വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ലോറന്‍സിനെ പൊലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയാണ്. ലഹരിക്കടിമയായ തോബിയാസ് പലപ്പോഴും അമ്മയെയും ലോറന്‍സിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തിനിടെ ലോറന്‍സ് ഇയാളെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനായ തോബിയാസ് പലതവണ കഞ്ചാവ് കേസില്‍ പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.

SHARE