പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്‍ പാലം പൊളിക്കാന്‍ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം വരുന്നത്. ഇ.ശ്രീധരന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയത്. എന്നാല്‍ ഇതിനുമുന്‍പ് സര്‍ക്കാര്‍ പാലത്തിന്റെ ഭാരപരിശോധന നടത്തണമായിരുന്നുവെന്നും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമായിരുന്നുവെന്നും എന്‍ജിനീയര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പാലം പൊളിക്കുംമുന്‍പ് കൃത്യമായ പരിശോധന നടത്തേണമെന്നും ഹര്‍ജിയില്‍ എന്‍ജിനീയര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരപരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി മറുപടി നല്‍കുന്നതിനായി സര്‍ക്കാരിന് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.