പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും റോഡുകളില്‍ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവര്‍ വിദ്വേഷ പ്രസ്താവന നടത്തിയത്.
‘മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവര്‍ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്.’മനേക ഗാന്ധി ട്വീറ്റ് ചെയ്തു.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനംവകുപ്പിനോട് ഇവ്വിഷയകമായി ആഴ്ചയില്‍ ഒരുതവണയെങ്കിലും സംസാരിക്കാറുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനക്കുഞ്ഞ് നിലവില്‍ മര്‍ദനത്തിന് ഇരയാകുന്നുണ്ടെന്നും അത് ഉടന്‍ ചരിയുമെന്നും മനേക ആരോപിക്കുന്നു. ഇക്കാര്യം കുറിച്ച ശേഷമാണ് മലപ്പുറം ജില്ലയെ ‘തീവ്രമായ കുറ്റകൃത്യ’ങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്നത്.
എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി എം.പി മലപ്പുറം ജില്ലയെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല’ എന്നാണ്. റോഡിലേക്ക് വിഷം എറിയുകയും അത് കഴിച്ച് 300-400 പക്ഷികളും നായ്ക്കളും ചാവുകയും ചെയ്യുന്നുണ്ടെന്നും മനേകയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈലന്റ് വാലിയില്‍ നിന്നിറങ്ങിയ ഗര്‍ഭിണിയായ പിടിയാന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നുള്ള പരിക്കിലാണ് ചരിഞ്ഞത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. വായില്‍ മുറിവേറ്റതിനെ തുടര്‍ന്ന് പുഴയില്‍ ഇറങ്ങിനിന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു.