സംസ്ഥാനത്ത് പാലക്കാട് ജില്ലയില്‍ ഏറ്റവുമധികം രോഗബാധിതര്‍; 105 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 566 പേര്‍ ചികിത്സയിലാണ്. 117297 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 114305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ ആയി കഴിയുന്നു. 992 പേര്‍ ആശുപത്രികളിലാണ്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60585 സാമ്പിള്‍ പരിശോധിച്ചു. 58460 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതര്‍ ഉള്ളത്. 105 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 93, കാസര്‍ഗോഡ് 63, മലപ്പുറം 52 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

ആകെ 82 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇന്ന് ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. കാസര്‍ഗോഡ് മൂന്നും പാലക്കാട് രണ്ട് പഞ്ചായത്തുകളും കോട്ടയം ചങ്ങനാശ്ശേരി നഗരസഭയുമാണ് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം രോഗികള്‍ ഇന്ന് രോഗവിമുക്തരായി.

ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതുവരെ 1088 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, ഒരു മരണം കൂടിയുണ്ടായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്.

SHARE