കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരന്‍ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരം; ഗുരുതരവീഴ്ച

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരനായ പാലക്കാട്ടുകാരന്‍ ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് സ്വദേശിയായ 51 കാരനായ രോഗിയാണ് നിരീക്ഷണത്തിന് വിധേയമാവാതെ പലയിടത്തും സഞ്ചരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് 13നാണ് രോഗി ദുബൈയില്‍ നിന്നെത്തിയതെന്നും നിരീക്ഷണത്തിലായത് 21 നാണെന്നും ഇന്നലെ രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവധ സ്ഥലങ്ങളില്‍ കറങ്ങിയ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമായിരിക്കുകയാണ്.

51 കാരനായ ഇയാള്‍ ഉംറയ്ക്കു ശേഷമാണ് നാട്ടിലെത്തിയത്. നേരിയ പനിയും ചുമയും ഉണ്ടായിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. വിദേശത്തു നിന്നു വരുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇയാള്‍ പുറത്തിറങ്ങി നടന്നതായി പ്രദേശവാസികള്‍ പറയുന്നു. ബാങ്കിലും പരിസരങ്ങളിലെ കടകളിലും ഇയാള്‍ പോയി. കെഎസ്ആര്‍ടിസി ബസിലും പോയതായി പറയുന്നു.

ഏറെ കഴിഞ്ഞാണ് നാട്ടുകാരില്‍ ചിലര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുന്നത്. തുടര്‍ന്നാണ് 21 ന് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ സഞ്ചാരപാത തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ന് ശ്രമിക്കും.