മൂന്ന് ജില്ലകള്‍ താണ്ടി കോഴിക്കോട് ഷഹീന്‍ ബാഗിലേക്ക്

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററുനുമെതിരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രതിഷേധ വേദിയായ ഷഹീന്‍ ബാഗ് അനുദിനം കരുത്താര്‍ജിക്കുകയാണ്. മുപ്പത് ദിവസം പിന്നിട്ട യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവേദിയില്‍ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും പ്രക്ഷോഭ വേദിയില്‍ എത്തുന്നത്. എന്നാല്‍ പ്രതിഷേധ വേദിയിലേക്ക് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചത്തുന്നവരും നിത്യകാഴ്ചയായി മാറുകയാണ്.

പാലക്കാട് ജില്ലയിലെ കല്ലടിക്കോട് നിന്നും 126 കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് മൂന്ന് ജില്ലകളിലൂടെ കടന്ന് പോയി ഷഹീന്‍ ബാഗ് സമരവേദിയിലേക്ക് നടന്ന് അടുക്കുകയാണ് കരിമ്പയില്‍ നിന്ന് ഒരു സംഘം. യൂത്ത് ലീഗ് കരിമ്പ യൂനിറ്റ് പ്രസിഡന്റ് എന്‍.എ അന്‍വര്‍ സെക്രട്ടറി ഷനൂബ് വി.ഇ യൂത്ത് ലീഗ് വളണ്ടിയര്‍മാരായ ഇസ്മയില്‍ മാപ്പിളസ്‌കൂള്‍, ശിഹാബ് ചെല്ലിപറമ്പന്‍, നൗഫല്‍ മുല്ലഹസന്‍ എന്നിവരാണ് ദേശീയ പതാകയുമായി ഷഹീന്‍ ബാഗിലേക്ക് ആവേശമായി നടന്നടുക്കുന്നത്.

SHARE